ഇടുക്കി: കൊവിഡിൽ ജീവിതം വഴിമുട്ടി തമിഴ്‌നാട്ടിൽ നിന്നും ഇടുക്കിയിലെത്തിയ കുടുംബം. കഴിഞ്ഞ 25 വർഷമായി കുളമാവിൽ താമസമാക്കിയ തമിഴ്‌നാട് സ്വദേശിയായ രാജുവും കുടുംബവുമാണ് കൊവിഡ് മൂലം പ്രതിസന്ധിയിലായത്. ഈറ്റകൊണ്ട് കുട്ട നെയ്‌ത് വഴിവക്കിലിരുന്ന് കച്ചവടം നടത്തിയാണ് ഈ കുടുംബം ജീവിച്ചിരുന്നത്. കൊവിഡ് രണ്ടാം തരംഗവും പിന്നാലെ എത്തിയ ലോക്ക് ഡൗണും ഇവരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നുമാണ് രാജു 25 വർഷങ്ങൾക്ക് മുൻപ് കുടുംബത്തോടൊപ്പം ഇടുക്കിയിലെത്തിയത്. പകൽ റോഡ് വക്കിൽ ഇരുന്ന് കുട്ടയും മുറവും മീൻകുട്ടയുമൊക്കെ നെയ്‌ത് വഴിയാത്രക്കാർക്ക് വിൽക്കും. മുൻപൊക്കെ വൈകിട്ട് കടത്തിണ്ണയിലാണ് ഈ കുടുംബം അന്തിയുറങ്ങിയിരുന്നത്. മറ്റ് സമയങ്ങളിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ തമിഴ്‌നാട്ടിൽ തന്നെ കൊണ്ടുപോയി വിൽപ്പന നടത്തും. രണ്ടാഴ്‌ച കൂടുമ്പോൾ ഇത്തരത്തിൽ സാധനങ്ങൾ നാട്ടിലെ ചന്തയിൽ കൊണ്ടുപോയി വിൽക്കുമ്പോൾ ലഭിക്കുന്ന പണം മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാമായിരുന്നു. എന്നാൽ ഇതെല്ലാം കഴിഞ്ഞ ഏറെ കാലമായി നിലച്ചിരിക്കുകയാണന്ന് രാജു പറയുന്നു.
Also Read: ക്ഷേത്രത്തിന്‍റെ സ്ഥലമെന്ന് ഒരു വിഭാഗം, കിടപ്പാടം പോകുമെന്ന ഭീതിയില്‍ ഒരു കുടുംബം
കൊവിഡും ലോക്ക് സൗണും മൂലം റോഡിൽ വാഹനങ്ങളും യാത്രക്കാരുമില്ല. യാത്ര ചെയ്യാൻ കഴിയാത്തതു മൂലം തമിഴ്‌നാട്ടിൽ കൊണ്ടുപോയി ഉത്പന്നങ്ങൾ വിൽക്കാനും കഴിയുന്നില്ല. തലചായ്ക്കാൻ ഇടമില്ലാതെ കട തിണ്ണകളിൽ അന്തിയുറങ്ങിയിരുന്ന ഈ വയോധികർക്കും രോഗിയായ മകൾക്കും ഇപ്പോൾ ഏക ആശ്രയം വൈദ്യുതി വകുപ്പിന്‍റെ ഇടിഞ്ഞുപൊളിഞ്ഞ പഴയ കോട്ടേഴ്‌സാണ്. മറ്റ് അവകാശങ്ങൾ ഒന്നുമില്ലെങ്കിലും കയറിക്കിടക്കാൻ ഉദ്യോഗസ്ഥർ നൽകിയ അനുമതിയാണ് ആശ്വാസമായതെന്നും നാട്ടുകാരുടെ എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും കുടുംബം പറയുന്നു.
മഴക്കാലം ആരംഭിച്ചതോടെ ഈ കെട്ടിടം ചോർന്നൊലിക്കാനും തുടങ്ങിയിട്ടുണ്ട്. സമീപത്ത് തന്നെ വനമേഖല ആയതിനാൽ ഇഴജന്തുക്കളും എത്താറുണ്ട്. മേൽവിലാസവും കെട്ടിട നമ്പറും ഇല്ലാത്തതിനാൽ റേഷൻ കാർഡ് ലഭിച്ചിട്ടില്ല ഇവർക്ക്. അതിനാൽ സർക്കാരിന്‍റെ സൗജന്യ അരിയുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കാറില്ല. വൈദ്യുതി ഇല്ലാത്ത വീട്ടിൽ ദുരിതപൂർണമായ ജീവിതമാണ് ഈ കുടുംബം നയിക്കുന്നത്. തൊഴിൽ തേടി 25 വർഷം മുൻപ് കുളമാവിലെത്തിയ രാജുവിനെയും കുടുംബത്തേയും സഹായിക്കാൻ ഇടുക്കി ജില്ലാ ഭരണകൂടത്തിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാവേണ്ടതാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.