ഇടുക്കി: കുളമാവ് നാടുകാണിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിലും പതിനേഴുകാരിയെ ഗുരുതര പരിക്കുകളോടെ ബോധരഹിതയായും കണ്ടെത്തിയതില്‍ ദുരൂഹതയേറുന്നു. മേലുകാവ് സ്വദേശി അലക്‌സിന്‍റേത് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. നാടുകാണി വ്യൂ പോയിന്‍റിന്‍റെ മുകളില്‍ നിന്ന് താഴേക്ക് വീണ് നട്ടെല്ലിനടക്കം ഗുരുതരമായി പരുക്കേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടൂറിസം കേന്ദ്രമായ നാടുകാണി പവലിയന് സമീപത്താണ് ഇന്നലെ അലക്‌സിനെ തൂങ്ങി മരിച്ച നിലയിലും പതിനേഴുകാരിയെ അബോധാവസ്ഥയിലും കണ്ടെത്തിയത്. നാടുകാണി പവലിയന് സമീപത്തെ പാറക്കെട്ടിന് മുകളില്‍ നിന്ന് അലക്‌സ് തള്ളിയിട്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് പെണ്‍കുട്ടിയെ തള്ളിയിടാന്‍ കാരണമായത്. പാറക്കെട്ടിലൂടെ നൂറടിയോളം താഴേക്ക് വീണ പെണ്‍കുട്ടി ബോധരഹിതയായി. പെണ്‍കുട്ടി മരിച്ചെന്ന് ഉറപ്പിച്ച് യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് പറയുന്നത്.
കൂടുതൽ വായനയ്‌ക്ക്: പാറക്കെട്ടിൽ വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്; യുവാവ് തൂങ്ങിമരിച്ച നിലയിൽ
വ്യാഴാഴ്ച മുതല്‍ അലക്‌സിനെയും പെണ്‍കുട്ടിയെയും കാണാനില്ലെന്ന് കുടുംബം പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. നാടുകാണിയിലേക്കുള്ള റോഡില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ബൈക്ക് നിര്‍ത്തിയിട്ടിരുന്നു. ഹെല്‍മറ്റുകളും ബാഗുകളും അതിലുള്ളത് റിസോര്‍ട്ട് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തിരുന്നു. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്.