മൂന്നാർ: അനധികൃത നിർമാണം എംഎല്‍എ എസ്.രാജേന്ദ്രൻ്റെ സാന്നിധ്യത്തിലാണെന്ന് സബ് കളക്ടർ രേണുരാജിൻ്റെ റിപ്പോർട്ട്. പഞ്ചായത്തിന്‍റേത് അനധികൃത നിർമാണമെന്ന റിപ്പോർട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി.
മൂന്നാർ പഞ്ചായത്തിൽ അനധികൃത നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിൽ വൻ തട്ടിപ്പെന്നും ആരോപണമുയർന്നിട്ടുണ്ട്. എംഎൽഎയുടെ പുരയിടത്തോട് ചേർന്ന് അനധികൃത നിർമാണം നടക്കുന്നെന്നും ആരോപണമുണ്ട്. പ്രദേശത്തെ ഭൂമി ഇടപാടുകളെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ് ഓഫിസർക്ക് സബ് കളക്ടർ രേണു രാജ് നിർദ്ദേശം നല്‍കി.
യുഡിഎഫ് ഭരിക്കുന്ന മൂന്നാർ പഞ്ചായത്തിൽ അനധികൃത നിർമ്മാണത്തിന് പഞ്ചായത്തിനൊപ്പം നിലകൊണ്ട സിപിഎം എൽഎയുടെ നടപടി ദുരൂഹമാണെന്നാണ് ആരോപണം. ദേവികുളം സബ് കളക്ടർ രേണു രാജിനെ രൂക്ഷമായി അധിക്ഷേപിക്കുകയും പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും എംഎൽഎ പരസ്യമായ നിയമ ലംഘനമാണ് നടത്തിയത്. മൂന്നാറിലെ സിപിഐ അംഗം ഔസേഫിൻ്റെ പരാതിയെ തുടർന്നാണു റവന്യൂ സംഘം നിർമാണം തടയാൻ എത്തിയത്. പരിസ്ഥിതി ലോല മേഖലയിലെ നിർമാണം തടയുന്നതിന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഔസേഫ്.
എന്നാൽ തൻ്റെ ഭൂമിയിൽ അനധികൃത നിർമാണമില്ലെന്നും മൂന്നാറിൽ കയ്യേറ്റങ്ങൾ ഇല്ലെന്നും എസ്. രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.