ഇടുക്കി: മൂന്നാറിൽ നാല് വ്യാജപട്ടയങ്ങള്‍ ദേവികുളം സബ് കലക്‌ടര്‍ റദ്ദ് ചെയ്‌തു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ ദേവികുളം തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങളാണ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പരിശോധന പൂര്‍ത്തിയാക്കി സബ് കലക്‌ടര്‍ രേണുരാജ് റദ്ദാക്കിയത്. സബ് കലക്‌ടര്‍ സ്ഥലം മാറി പോകുന്നതിന് തൊട്ടുമുമ്പാണ് നടപടി. ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 912 ല്‍ ഉള്‍പ്പെട്ട എല്‍.എ 96/99, 94/99, 97/99, 54/99 എന്നീ പട്ടയങ്ങളാണ് ആദ്യഘട്ടമെന്ന നിലയില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി റദ്ദാക്കിയത്.
1955 മുതല്‍ സ്ഥിരം താമസക്കാരായിരുന്ന പി.എം മാത്യുവിന്‍റെയും കുടുംബത്തിന്‍റെയും കയ്യില്‍ നിന്ന് 1965 ല്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു. തുടര്‍ന്ന് ഭൂമി വനംവകുപ്പിന് കൈമാറി. എന്നാല്‍ വനംവകുപ്പിന് തൈകള്‍ ഉത്പാദിപ്പിക്കാന്‍ നല്‍കിയ ഭൂമി മരിയദാസ് എന്നയാള്‍ കയ്യേറുകയും ബന്ധുക്കളുടെ പേരില്‍ വ്യാജപട്ടയം ഉണ്ടാക്കുകയും ചെയ്തു. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.എം മാത്യുവിന്റെ ബന്ധുക്കള്‍ 2014 ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2018 ല്‍ പുത്തന്‍ വീട്ടില്‍ ബിനുപാപ്പച്ചന്‍ നല്‍കിയ പരാതിയില്‍ പട്ടയങ്ങള്‍ പരിശോധിക്കാന്‍ ദേവികുളം സബ് കളക്ടറെ നിയോഗിച്ചു. 2019 ജൂണ്‍മാസം മൂന്നു ദിവസം നീണ്ടുനിന്ന പരിശോധനയില്‍ ബന്ധുക്കളായ അളകര്‍സ്വാമി, മുത്തു, സുജ, ചിന്നത്തായ് എന്നിവര്‍ സബ് കലക്‌ടര്‍ മുമ്പാകെ നേരിട്ട് ഹാജരായി. തങ്ങള്‍ പട്ടയത്തിനായി അപേക്ഷ സമര്‍പ്പിക്കുകയോ പട്ടയം കൈപ്പറ്റുകയോ വസ്തുവില്‍ താമസിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അവര്‍ ബോധിപ്പിച്ചതെന്ന് സബ് കലക്‌ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.പരിശോധനയില്‍ പട്ടയം വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ പട്ടയം റദ്ദാക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു. തണ്ടപ്പേര് ഉള്‍പ്പെടുന്ന വസ്തുക്കളും സര്‍ക്കാര്‍ അധീനതയില്‍ ഏറ്റെടുക്കുന്നതിന് തഹസില്‍ദാരെ സബ് കലക്‌ടര്‍ ചുമതലപ്പെടുത്തി.