ഇടുക്കി: ഗൃഹാതുരത്വം ഉണര്‍ത്തുന്ന നൂറുകണക്കിന് ഓര്‍മ്മ ചിത്രങ്ങള്‍, ഇടുക്കിയുടെ ചരിത്രത്തില്‍ ഇടം പിടിച്ച സംഭവങ്ങള്‍, അങ്ങനെ ഒരു പാട് കഥകള്‍ പറയാനുണ്ട് തൂക്കുപാലം സ്വദേശിയായ ദിവാകരന്‍റെ ഫീല്‍ഡ് കാമറക്ക്. ഹൈറേഞ്ചിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് സ്റ്റുഡിയോ ദിവാകരന്‍.
Read Also.......സ്വന്തമായി നിർമിച്ച ഇൻക്യുബേറ്ററിൽ കോഴികളെ വിരിയിച്ച് എട്ടാം ക്ലാസുകാരൻ
ഇടുക്കി ഡാമിന്‍റെ നിര്‍മാണ കാലയളവിലെ വിവിധ ചിത്രങ്ങള്‍, പദ്ധതിയുടെ ഭാഗമായി കല്ലാര്‍ മുതല്‍ മന്നാക്കുടി വരെയുള്ള തുരങ്കം നിര്‍മ്മാണം. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി എത്തയത്, അങ്ങനെ തൂക്കുപാലത്തെ സ്റ്റുഡിയോ ദിവാകരന്‍റെ കാമറയില്‍ പതിഞ്ഞത് നിരവധി അപൂര്‍വ്വ ചിത്രങ്ങളാണ്.
ദിവാകരനും ഫോട്ടോഗ്രാഫിയും
1968ല്‍ കട്ടപ്പന റോയല്‍ സ്റ്റുഡിയോയിലൂടെയാണ് ദിവാകരന്‍ ഫോട്ടോഗ്രാഫി രംഗത്ത് എത്തിയത്. തുടര്‍ന്ന് തൂക്കുപാലം കേന്ദ്രീകരിച്ച് ഇന്ദു സ്റ്റുഡിയോ ആരംഭിച്ചു. പുല്ലുമേഞ്ഞ കെട്ടിടത്തിലായിരുന്നു ആദ്യം സ്റ്റുഡിയോ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തില്‍ വൈദ്യുതി പോലും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഔട്ട് ഡോര്‍ ഗ്രൂപ്പ് ഫോട്ടോകള്‍ എടുക്കുന്നതിനായായിരുന്നു ദിവാകരന്‍ ഫീല്‍ഡ് കാമറ സ്വന്തമാക്കിയത്. ഹൈറേഞ്ചില്‍ ചുരുക്കം ചില സ്റ്റുഡിയോകളില്‍ മാത്രമാണ് അന്ന് ഫീല്‍ഡ് കാമറ ഉണ്ടായിരുന്നത്.
ആദ്യകാലങ്ങളില്‍ മധുരയിലും പിന്നീട് തേനിയിലും എത്തിച്ചായിരുന്നു ഫിലിം, ചിത്രങ്ങളാക്കിയിരുന്നത്. ഡിജിറ്റല്‍ യുഗത്തിലെ നിരവധി കാമറകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും തന്‍റെ ഫീല്‍ഡ് കാമറ ഇപ്പോഴും സൂക്ഷിക്കുകയാണ് ദിവാകരന്‍. താന്‍ പകര്‍ത്തിയ അപൂര്‍വ്വ ചിത്രങ്ങളും അതെടുക്കാനുപയോഗിച്ച കാമറയും പുതു തലമുറക്കായി പ്രദര്‍ശിപ്പിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ദിവാകരന്‍.