ഇടുക്കി: മൂന്നാര്‍ എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനികള്‍ നടത്തുന്ന സമരം തുടരുന്നു. അവസാന വര്‍ഷ വിദ്യാര്‍ഥിനികളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പഠിപ്പ് മുടക്കി സമരം നടത്തുന്നത്. കുട്ടികള്‍ മുന്നോട്ട് വച്ച ആറ് ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതായി കോളജ് അധികൃതര്‍ വ്യക്തമാക്കി.
പ്രധാനമായി പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശോചനീയാവസ്ഥകള്‍ പരിഹരിയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിനികള്‍ മൂന്ന് ദിവസമായി സമരം നടത്തുന്നത്. ശുചിമുറികളുടെ ശോചനീയാവസ്ഥ ഏറെ കുറെ പരിഹരിച്ചെന്നും ഹോസ്റ്റല്‍ ബ്ലോക്കുകള്‍ രാത്രിയില്‍ പുറത്ത് നിന്നും പൂട്ടുന്നത് ഒഴിവാക്കിയെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. പെയിന്‍റിങ് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പഠനാവശ്യത്തിനായി കോളജില്‍ രാത്രിയില്‍ പ്രവേശിയ്ക്കുന്നതിനും അനുമതി നല്‍കുമെന്നും ഹോസ്റ്റലിന്‍റെ നിയമാവലിയുമായി ബന്ധപ്പെട്ട് യുജിസി റെഗുലേഷന്‍ അടിസ്ഥാനത്തിലുള്ള പരിഷ്‌കാരങ്ങള്‍ പിടിഎ കമ്മറ്റിയുടെ തീരുമാന പ്രകാരം നടപ്പിലാക്കുമെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.
അതേസമയം സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥിനികള്‍. 89 പെണ്‍കുട്ടികളാണ് ഹോസ്റ്റലിലെ മൂന്ന് ബ്ലോക്കുകളിലായി താമസിയ്ക്കുന്നത്. ഇതില്‍ ഒരു ബ്ലോക്കിലെ ശോചനീയാവസ്ഥകള്‍ മാത്രമാണ് പരിഹരിയ്ക്കപ്പെട്ടത്. മറ്റ് ആവശ്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കുട്ടികള്‍ പറയുന്നു. കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും കൃത്യമായ മറുപടി ലഭിയ്ക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ഥിനികളുടെ തീരുമാനം.