ഇടുക്കി : മൂന്നാർ മുതിരപ്പുഴയാറിന്‍റെ തീരത്ത് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് ശ്രദ്ധേയരായി വിദ്യാർഥികൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പാഠ്യപദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ നട്ടത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കന്‍ സ്‌കൂള്‍ ഓഫ് മുംബൈയിലെ 15 പേര് അടങ്ങുന്ന വിദ്യാർഥി സംഘമാണ് മൂന്നാർ ഗവ.സ്‌കൂളിലെ വിദ്യാർഥികൾക്ക് ഒപ്പം തൈകൾ നട്ടത്.
വിദ്യാർഥികളിൽ സാമൂഹ്യസേവനത്തിന്‍റെ ആവശ്യകത മനസിലാക്കുന്നതിനായി എല്ലാ വര്‍ഷവും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാറുണ്ട്. പൊതുവായ സേവനം നാടിന്‍റെ വികസനത്തിന് എന്ന ആശയം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന പദ്ധതികളില്‍ വിദ്യാർഥികൾക്കാണ് മുന്‍ഗണന. ഇതിന്‍റെ ഭാഗമായി മൂന്നാറിന്‍റെ ജീവനാഡിയായ മുതിരപ്പുഴയുടെ സമീപപ്രദേശങ്ങള്‍ ഫലവൃക്ഷം കൊണ്ട് നിറയ്ക്കുന്നതോടൊപ്പം സ്‌കൂള്‍ പരിസരങ്ങള്‍ വൃത്തിയാക്കി ഇവിടം പഴവര്‍ഗ്ഗ തോട്ടമായി മാറ്റുകയാണ് കുട്ടികളുടെ ലക്ഷ്യം.
മൂന്നാറിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് പദ്ധതി മൂന്നാറില്‍ നടപ്പിലാക്കുന്നത്. എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 12 കുട്ടികളും മൂന്ന് അധ്യാപകരും അടങ്ങുന്ന 15 അംഗസംഘമാണ് മൂന്നാറിലെ ഭൂപ്രകൃതി മനസിലാക്കി വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനായി മഹാരാഷ്‌ട്രയിൽ നിന്നും എത്തിയത്.
മൂന്നാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ 15 വിദ്യാര്‍ഥികളും ഇവരോടൊപ്പമുണ്ട്. നാലുദിവസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അങ്ങാടി കുരുവികള്‍ക്ക് കൂട് കൂട്ടല്‍, തവളയെ സംരക്ഷിക്കാന്‍ കുളങ്ങള്‍ നിര്‍മിക്കല്‍ എന്നിവയും ഉള്‍പ്പെടുന്നു.