ഇടുക്കി: തൊഴിലാളി ക്ഷാമത്തിൽ നട്ടം തിരിയുന്ന തെങ്ങ് കർഷകർക്ക് കൈത്താങ്ങായി വിദ്യാർഥികൾ. രാജകുമാരി വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ മുപ്പതോളം പെൺകുട്ടികളാണ് തെങ്ങ് കയറ്റത്തിൽ പരിശീലനം നേടി കർഷകർക്ക് സൗജന്യ സേവനം നൽകുന്നത്. തെങ്ങ് കയറ്റ തെഴിലാളികൾ ഇല്ലാതായതോടെ ഹൈറേഞ്ചിലെ തെങ്ങ് പരിപാലനം പൂർണ്ണമായി നിലച്ചിരുന്നു. ഇതോടെ രോഗബാധയും കീട ശല്യവും മൂലം തെങ്ങുകൾ വ്യാപകമായി നശിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് കർഷകർക്ക് കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെ രാജകുമാരി വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ തെങ്ങ് കയറ്റ പരിശീലനം ആരംഭിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി നൂറിലധികം പെൺകുട്ടികൾ ഇവിടെ നിന്നും പരിശീലനം നേടിയിട്ടുണ്ട്. ഈ വിദ്യാർഥികൾ സൗജന്യമായാണ് സേവനം നൽകുന്നത്. നാഷണൽ സർവീസ് സ്‌കീമിന്‍റെ നേതൃത്വത്തിൽ നടത്തി വരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അധ്യാപകരായ പ്രിൻസ് പോൾ, സിഎം റീന എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.