ഇടുക്കി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏറെക്കുറെ ധാരണയായതോടെ മുന്നണികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. അടിമാലി ഗ്രാമപഞ്ചായത്തിലാകെ 117 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സൂക്ഷ്‌മ പരിശോധനയിൽ രണ്ടെണ്ണം അസാധുവായി. അടിമാലി ബ്ലോക്ക് പഞ്ചായത്തിലേക്ക് ആകെ 99 നാമനിര്‍ദേശപത്രികകള്‍ ലഭിച്ചതില്‍ ഒരു പത്രിക അസാധുവായി.
ചെറു സംഘങ്ങളായി തിരിഞ്ഞ് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കലാണ് ആദ്യഘട്ട ജോലി. കൊവിഡ് നിര്‍ദേശങ്ങളും ഹരിതപെരുമാറ്റ ചട്ടവും പാലിച്ച് സ്ഥാനാര്‍ഥികള്‍ പ്രചാരണ പരിപാടികള്‍ മുന്നോട്ട് കൊണ്ടു പോകണമെന്ന് അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ അഭ്യർഥിച്ചു.
ദേവികുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് 107 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചതില്‍ ഒമ്പത് പത്രികകള്‍ അസാധുവായി. ജില്ലാ പഞ്ചായത്തിന്‍റെ അടിമാലി ഡിവിഷനിലേക്ക് 12 നാമനിര്‍ദേശ പത്രികകളും മൂന്നാര്‍ ഡിവിഷനിലേക്ക് ഏഴ് നാമനിര്‍ദ്ദേശ പത്രികകളും ദേവികുളം ഡിവിഷനിലേക്ക് അഞ്ച് നാമനിര്‍ദേശ പത്രികകളുമാണ് ലഭിച്ചത്. സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞതോടെ വരും ദിവസങ്ങളില്‍ പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാർഥികളും പ്രവര്‍ത്തകരും.