ഇടുക്കി:അടിമാലി ടൗണിലെ തെരുവ് നായ ശല്യത്തിന് പരിഹാരമില്ല. നേരമിരുളുന്നതോടെ ബസ് സ്റ്റാന്‍ഡ് പരിസരം ഉള്‍പ്പെടെ ടൗണിന്‍റെ പല ഭാഗങ്ങളും തെരുവ് നായ്ക്കള്‍ കീഴടക്കുന്നത് ടൗണിലെത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്. സെന്‍റർ ജംഗ്ഷന്‍, കല്ലാര്‍കുട്ടി റോഡ്, ബസ് സ്റ്റാന്‍ഡ് പരിസരം തുടങ്ങിയ ഇടങ്ങളിലെല്ലാം തെരുവ് നായ്ക്കള്‍ പകല്‍ സമയത്ത് പോലും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നുണ്ട്. കാല്‍നടയാത്രികര്‍ തെരുവ് നായ്ക്കളെ ഭയന്ന് വേണം സഞ്ചരിക്കാൻ.
നായ്ക്കള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കുവാന്‍ പദ്ധതി ഉണ്ടായിട്ടും അവ കൃത്യമായി നടപ്പിലാക്കാത്തതാണ് നായ്ക്കളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന പരാതിയും പ്രദേശവാസികള്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നത് തടയാന്‍ നടപടി വേണമെന്ന ആവശ്യം നാട്ടുകാര്‍ മുമ്പോട്ട് വയ്ക്കുന്നത്.