ഇടുക്കി: കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങി വട്ടവടയിലെ സ്ട്രോബറി കര്‍ഷകർ. വട്ടവട മേഖലയിലേയ്ക്ക് വിനോദ സഞ്ചാരികളെത്താതായതോടെ വിളവെടുപ്പ് നിലച്ചു. പാകമായ സ്ട്രോബറി പഴങ്ങള്‍ വാങ്ങുവാൻ ആളില്ലാതെ നശിക്കുകയാണ്. ഇടവിട്ട് പെയ്യുന്ന വേനല്‍ മഴയും സ്ട്രോബറി കൃഷിയ്ക്ക് തിരിച്ചടിയായി മാറുന്നു.
കാലാവസ്ഥ വ്യതിയാനവും പലവിധ കാരണങ്ങളും കൊണ്ട് കടുത്ത പ്രതിസന്ധി നേരിടുന്ന വട്ടവടയിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു സ്ട്രോബറി കൃഷി. വട്ടവടയുടെ കുളിര് തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടുത്തെ സ്ട്രോബറി പാടങ്ങള്‍ വേറിട്ട അനുഭവമാണ് പകർന്ന് നല്‍കിയിരുന്നതും. സഞ്ചാരികള്‍ക്ക് തോട്ടങ്ങളില്‍ നിന്നും സ്ട്രോബറി പഴങ്ങള്‍ പറിച്ചെടുക്കാം. അതുകൊണ്ട് തന്നെ തികച്ചും ജൈവമായ രീതിയില്‍ പരിപാലിക്കുന്ന വട്ടവടയിലെ സ്ട്രോബറി പാടങ്ങളില്‍ നിന്നും തിരക്കൊഴിഞ്ഞ സമയമുണ്ടായിരുന്നില്ല.
എന്നാല്‍ കൊവിഡിന്‍റെ അതിവേഗ വ്യാപാനത്തില്‍ സഞ്ചാരികളുടെ വരവ് നിലച്ചതോടെ സ്ട്രോബറി പാടങ്ങള്‍ ആളൊഴിഞ്ഞ് അനാഥമായി. യഥാസമയം വിളവെടുക്കാന്‍ കഴിയാത്തതിനാല്‍ പഴുത്ത സ്ട്രോബറികള്‍ പാടങ്ങളില്‍ കിടന്ന് അഴുകി നശിക്കുകയാണ്. വരുമാനം നിലച്ചതോടെ കൃഷിയ്ക്കായി എടുത്ത ബാങ്ക് വായ്പയുടെ പലിശപോലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.
സഞ്ചാരികളില്ലാത്തതിനാല്‍ സ്ട്രോബറിയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കര്‍ഷകര്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ ഇതും വിപണിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. വി എഫ് പി സി കെ(വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സില്‍ കേരളം) ഇടപെട്ട് കര്‍ഷകരില്‍ നിന്നും സ്ട്രോബറിയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും സംഭരിച്ച് വിപണിയില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.