ഇടുക്കി : ജില്ലയിലെ അണക്കെട്ടുകളുടെ സംഭരണ ശേഷിയിൽ വൻ കുറവ്. ചെറിയ മഴ പെയ്താല്‍ പോലും അണക്കെട്ടുകള്‍ തുറന്നുവിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മണലും ചെളിയും നിറഞ്ഞ് അണക്കെട്ടുകളുടെ ആഴം കുറഞ്ഞതാണ് സംഭരണ ശേഷി താഴാന്‍ കാരണം.
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ കല്ലാര്‍കുട്ടി ഉൾപ്പെടെയുള്ള മൂന്ന് അണക്കെട്ടുകള്‍ തുറന്നിരുന്നു. നിരവധി അണക്കെട്ടുകളുള്ള ഇടുക്കിയില്‍ എല്ലാ മഴക്കാലത്തേയും പ്രധാന പ്രതിസന്ധി അണക്കെട്ടുകള്‍ തുറന്നുവിടുന്നതാണ്.
2018ലും തുടർന്നുണ്ടായ പ്രളയങ്ങളിലും വന്‍തോതിൽ മണലും ചെളിയും അണക്കെട്ടുകളിലെത്തിയിരുന്നു. ഇത് സംഭരണ ശേഷിയുടെ പകുതിയോളം അപഹരിച്ചു. അതിനാല്‍ ചെറിയമഴ പെയ്താലും അണക്കെട്ടുകള്‍ പെട്ടെന്ന് നിറയും.
പരാതിപ്പെട്ടിട്ടും നടപടിയില്ല
ഇത്തവണ കാവലര്‍ഷത്തിന് മുന്‍പേ ലഭിച്ച മഴയില്‍പോലും കല്ലാര്‍കുട്ടി അണക്കെട്ട് രണ്ട് തവണ തുറക്കേണ്ടി വന്നിരുന്നു. കാലവര്‍ഷമാരംഭിച്ച് മൂന്ന് ദിവസത്തെ മഴയ്ക്ക് ശേഷം കല്ലാര്‍കുട്ടി ഉൾപ്പെടെ പാമ്പ്ലയും, ഹെഡ്വര്‍ക്സും തുറന്നു.
അണക്കെട്ടുകളിലെ മണല്‍ നീക്കം ചെയ്യുന്നതിന് നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
Also read: ഇടുക്കി ഡാമിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ടെന്ന് റോഷി അഗസ്റ്റിൻ
അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ നീക്കം ചെയ്താൽ അത് നിര്‍മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകും. ഇക്കാലത്ത് നിർമാണ മേഖലയിൽ മണൽ കിട്ടാക്കനിയാണ്.
ഇതെല്ലാം കണക്കിലെടുത്ത് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ പാരിസ്ഥിതിക പ്രശ്നമാകും സൃഷ്ടിക്കപ്പെടുകയെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.