ഇടുക്കി: ഇടുക്കി പൂപ്പാറയിലെ അനധികൃത കെട്ടിട നിര്‍മാണങ്ങൾക്ക് സ്റ്റോപ് മെമ്മോ. പുറംമ്പോക്ക് ഭൂമിയും ദേശീയപാതയും കയ്യേറി പൂപ്പാറ നിവാസികൾ നടത്തിയ അനധികൃത നിര്‍മാണങ്ങൾക്കാണ് വില്ലേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോ നല്‍കിയത്. സ്ഥലം കൈയേറിയവര്‍ അവകാശം സംബന്ധിച്ച രേഖകള്‍ ഏഴ് ദിവസത്തിനുള്ളില്‍ ഹാജരാക്കണം. രേഖകള്‍ ഹാജരാക്കാത്ത പക്ഷം കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഉടുമ്പൻചോല തഹസില്‍ദാറുടെ നിര്‍ദേശത്തെതുടര്‍ന്ന് വില്ലേജ് ഓഫിസര്‍ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്.
പന്നിയാര്‍ പുഴയുടെ തീരത്തുള്ള പുറംമ്പോക്ക് ഭുമിയിലും കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയോട് ചേര്‍ന്നുള്ള ഭൂമിയിലുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അതേസമയം കഴിഞ്ഞ നാൽപത് വർഷക്കാലമായി ഇവിടെ താമസിച്ചു വരികയാണെന്നാണ് സ്റ്റോപ്പ് മെമ്മോ ലഭിച്ച പൂപ്പാറ നിവാസികൾ പറയുന്നത്. നാളിതുവരെ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. അനധികൃത നിർമാണമാണെന്ന് പറയുംമ്പോഴും നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെല്ലാം വൈദ്യുതിവകുപ്പ് കണക്ഷനും നല്‍കിയിട്ടുണ്ട്.