ഇടുക്കി: എസ്‌എസ്‌എൽസി പരീക്ഷയിൽ അപൂർവ നേട്ടം കൈവരിച്ച ഒരു കൊച്ചു മിടുക്കിയുണ്ട് തങ്കമണി സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍. ശാരീരിക പരിമിതികളെ അതിജീവിച്ച് ഈ മിടുക്കി നേടിയ വിജയത്തിന് മാറ്റ് ഏറെയാണ്. ഇടുക്കി കാൽവരി മൗണ്ട് കൊല്ലക്കൊമ്പിൽ ഹെവ്‌ലിന്‍ ജോജോയാണ് ആ മിടുക്കി.
ഹെവ്‌ലിൻ ജോജോയുടെ വിജയത്തിന് പിന്നിൽ മുത്തശ്ശിയും റിട്ട. അധ്യാപികയുമായ തങ്കമ്മ മാത്യുവിന്‍റെ ആത്മസമർപ്പണമാണ്. 84 ശതമാനം പരിമിതികളുളള ഹെവ്‌ലിന് എസ്എസ്എല്‍സി പരീക്ഷയിൽ 5 എ പ്ലസും, 3 എയും, 2 ബി പ്ലസുമാണ് ലഭിച്ചത്. ജന്മനാ ശാരീരിക വിഷമതകൾ ഏറെയുണ്ടായിരുന്ന കൊച്ചുമകളെ വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 3 വയസ് മുതൽ ബാലപാഠങ്ങൾ അഭ്യസിപ്പിക്കാൻ മുത്തശ്ശി കഠിനമായി പ്രയത്‌നിച്ചു.
ഒന്നാം ക്ലാസ് മുതൽ ഹെവ്‌ലിൻ പഠിച്ച സ്‌കൂളിലെ അധ്യാപകർക്കും കൂടി അവകാശപ്പെട്ടതാണ് ഈ വിജയമെന്ന് മുത്തശ്ശി പറയുന്നു. ഒരു അക്ഷരം പോലും സ്വന്തമായി എഴുതാൻ കഴിയില്ലെന്ന് പറഞ്ഞ് പലരും ഹെവ്‌ലിനെ തഴഞ്ഞപ്പോള്‍ തങ്കമ്മ ടീച്ചര്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. പത്താം ക്ലാസിൽ കൊച്ചു മകൾ സ്വന്തമായി പരീക്ഷ എഴുതി വിജയിക്കുന്നത് ടീച്ചർ ഒരു സ്വപ്‌നമായി കൊണ്ടു നടന്നു.
നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യൻസ് യുപി സ്‌കൂൾ അധ്യാപകനായ കാൽവരി മൗണ്ട് കൊല്ലക്കൊമ്പിൽ ജോജോ മാത്യുവിന്‍റെയും തങ്കമണി സെന്‍റ് തോമസ് എൽപി സ്‌കൂളിലെ അധ്യാപിക ബിനിത വർഗീസിന്‍റെയും മകളാണ് ഹെവ്‌ലിൻ. ഡിയോൺ ജോജോ സഹോദരനാണ്.