ഇടുക്കി: ജില്ലയിലെ കാട്ടാന ആക്രമണം രൂക്ഷമായ മേഖലകളില്‍ പ്രത്യേക ദൗത്യ സംഘത്തെ അയക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. വയനാട്ടിലും പാലക്കാടും കാട്ടാന ആക്രമണം അവസാനിപ്പിക്കല്‍ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ടീമിനെയാണ് അയക്കുക. ഇടുക്കിയിലെ ശാന്തൻപാറ ചിന്നക്കനാൽ പഞ്ചായത്തുകളിൽ കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കലക്‌ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ജനവാസ മേഖലകൾക്ക് സംരക്ഷണം ഒരുക്കി 21 കിലോമീറ്റര്‍ ഹാങ്ങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കും. മൂന്ന് മേഖലകളിൽ ഹൈമാറ്റ്‌സ് ലൈറ്റ് സ്ഥാപിക്കാന്‍ മൂന്ന് കോടി രൂപ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്‌റ്റ് വാച്ചർ ശക്തിവേലിന്‍റെ മകൾക്ക് ജോലി നൽകുമെന്നും എ കെ ശശീന്ദ്രന്‍ യോഗത്തില്‍ വ്യക്തമാക്കി.
അരിക്കൊമ്പന്‍, ചക്ക കൊമ്പൻ, മൊട്ടവാലൻ തുടങ്ങിയ ഒറ്റയാൻമാരാണ് ജില്ലയിലെ തോട്ടം മേഖലയിൽ നാശം വിതയ്ക്കുന്നത്. ദൗത്യ സംഘം എത്തുന്നതോടെ, ഇവയെ തുരത്താനാകുമെന്നാണ് പ്രതീക്ഷ. മന്ത്രി റോഷി അഗസ്റ്റിനും ജില്ലയിലെ എംഎൽഎ മാരും കലക്‌ടറും യോഗത്തിൽ പങ്കെടുത്തു.