ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതക്ക് സമാന്തര പാതയായ ചെമ്മണ്ണാര്‍-ഗ്യാപ്പ് റോഡ് വീതി കൂട്ടി നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പരിഹാരമാകുന്നു. റോഡ് വിപുലീകരണ നടപടികള്‍ ജനുവരിയില്‍ ആരംഭിക്കാനാണ് തീരുമാനം. നവകേരള നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്കിന്‍റെ സഹായത്തോടെയാണ് നിര്‍മാണം.
റോഡിന്‍റെ ശോചനീയാവസ്ഥയില്‍ നിരവധി നാളുകളായി പ്രദേശവാസികള്‍ പലയിടങ്ങളിലായി പരാതിപ്പെടുന്നു. റോഡ് നിര്‍മാണം എത്രയും വേഗം തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം.
ചെമ്മണ്ണാര്‍, കുത്തുങ്കല്‍, രാജാക്കാട്, മുല്ലക്കാനം, ജോസ്‌ഗിരി ചാപ്പല്‍, ബൈസണ്‍വാലി, മുട്ടുകാട് കാര്‍ഷിക-തോട്ടം മേഖലകളിലൂടെ കടന്ന്പോകുന്ന പാതയുടെ ദൈര്‍ഘ്യം ഇരുപത്തിയൊന്‍പതര കിലോമീറ്ററാണ്. നിര്‍മാണത്തിനായി 121 കോടി രൂപ വകയിരുത്തിയതായും പിഡബ്ലുഡി അസിസ്റ്റന്‍ഡ് എന്‍ഞ്ചിനീയര്‍ കാര്‍ത്തിഷ് പറഞ്ഞു. റോഡിന് വീതികൂട്ടുന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടിക്കും മൂന്നാറിനുമിടയിലുള്ള ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. 2018 ല്‍ റോഡ് നിര്‍മാണത്തിനായി ടെണ്ടര്‍ ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും പണി ആരംഭിച്ചിരുന്നില്ല.