ഇടുക്കി: വൈദ്യുതിയുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന് കേന്ദ്രസര്ക്കാരിന്റെ സഹായത്തോടെ ഡാമുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. മൂന്നാറിലെ ടൂറിസം മേഖലക്ക് ഉണര്‍വ് പകരുകയെന്ന ലക്ഷ്യമിട്ട് മാട്ടുപ്പെട്ടിയില്‍ ആരംഭിക്കുന്ന കേബിള്‍ കാര്‍ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഹൈഡല്‍ ടൂറിസം വകുപ്പ്, ഈസ്റ്റന്‍ ടൂറിസം സൊസൈറ്റി, എഫ് എസ് ഐ റ്റി തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെ 140 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആറ് ഏക്കറില്‍ നടക്കുന്ന ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടമായി അമ്യൂസ്മെന്‍റ് പാര്‍ക്ക്, അക്വേറിയം, കുട്ടികള്‍ക്കായുള്ള പാര്‍ക്ക് എന്നിവ നിര്‍മ്മിക്കും. എസ് രാജേന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എഫ് എസ് ഐ ടി മാനേജിംഗ് ഡയറക്ടര്‍ ക്യാപ്റ്റന്‍ സജീവ് നായര്‍ പദ്ധതി അവതരിപ്പിച്ചു. ഈസ്റ്റന്‍ ടൂറിസം ഡെവലപ്‌മെന്‍ഡ് സൊസൈറ്റി പ്രസിഡന്‍റ് ടി പി മല്‍ക്ക, ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ ജി ശ്രീകുമാര്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത പ്രമുഖർ തുടങ്ങിയവര്‍ പങ്കെടുത്തു.