ഇടുക്കി: ഇടുക്കി ജില്ലയില്‍ പാമ്പിന്‍ വിഷത്തിനെതിരായുള്ള പ്രതിരോധ മരുന്നുകള്‍ കൂടുതല്‍ ഇടങ്ങളില്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം. പൈനാവിലെ ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികളായ തൊടുപുഴ, നെടുങ്കണ്ടം, പീരുമേട്, അടിമാലി, പെരുവന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങി ആറിടങ്ങളിലാണ് ഇടുക്കിയില്‍ ആന്റിവെനം സൂക്ഷിച്ചിട്ടുള്ളത്. നൂറുകണക്കിന് ആദിവാസി ഗ്രാമങ്ങളും ഉള്‍മേഖലകളും നിറഞ്ഞ ഹൈറേഞ്ചില്‍ ആറിടങ്ങളില്‍ മാത്രം ഒരുക്കിയിട്ടുള്ള വിഷചികിത്സ മാത്രം മതിയാവില്ലെന്നാണ് ആശങ്ക. വിദഗ്‌ധ ചികിത്സ ലഭിക്കണമെങ്കില്‍ ഇടുക്കിക്കാര്‍ അയല്‍ ജില്ലകളില്‍ എത്തണം.
മലയോര മേഖലയുടെ വിസ്തൃതി കണക്കിലെടുത്താല്‍ ഉള്‍മേഖലകളില്‍ നിന്നും വിഷ ചികിത്സയുള്ള ജില്ലയിലെ ആശുപത്രികളില്‍ എത്താന്‍ മണിക്കൂറുകള്‍ വേണ്ടി വരും. പ്രാഥമിക ചികിത്സ ലഭിച്ച ശേഷം തുടര്‍ ചികിത്സക്കായി അയല്‍ ജില്ലകളിലേക്ക് പോകണമെങ്കില്‍ വീണ്ടും മണിക്കൂറുകള്‍ എടുക്കും. പലപ്പോഴും പാമ്പ് കടിയേറ്റാല്‍ ആളുകള്‍ നാട്ടുവൈദ്യന്‍മാരെ ആശ്രയിക്കുന്നതും മലയോരമേഖലയില്‍ പതിവാണ്. തെരഞ്ഞെടുത്ത ഏതാനും ചില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടി പാമ്പിന്‍വിഷത്തിനെതിരായുള്ള പ്രതിരോധ മരുന്നുകള്‍ സൂക്ഷിക്കാന്‍ നടപടി സ്വീകരിക്കമെന്നാണ് ആവശ്യം.