ഇടുക്കി: നിരവധി പ്രതിസന്ധികളിലൂടെയാണ് ഇന്ന് ചെറുകിട തേയില കര്‍ഷകർ കടന്നു പോകുന്നത്. വില കുറവും വിപണി ഇല്ലായ്‌മയും തീർത്ത പ്രതിസന്ധിക്കൊപ്പം കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയും കൂടെയായപ്പോൾ കണ്ണീരിന്‍റെ രുചിയാണ് ഈ കര്‍ഷകരുടെ ചായക്ക്.
മൂന്നാര്‍ ഉള്‍പ്പടെയുള്ള പ്രധാന തേയില ഉത്‌പാദന മേഖലകളിലെ ഫാക്‌ടറികളിലേക്ക് ദിവസവും ചെറുകിട കര്‍ഷകരില്‍ നിന്ന് ഒരു ലക്ഷം കിലോ വരെ പച്ച കൊളുന്താണ് മുൻപ് ശേഖരിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം മൂലം ഫാക്‌ടറികളിൽ കൊളുന്ത് കെട്ടികിടക്കുന്ന അവസ്ഥയാണ് ഇന്ന്. അതിനാൽ കർഷകരിൽ നിന്ന് കൊളുന്ത് ശേഖരിക്കാനും സാധിക്കുന്നില്ല. മുൻപ് 32 രൂപ വരെ വില ലഭിച്ചിരുന്ന ഒരു കിലോ കൊളുന്തിന് ഇപ്പോള്‍ ലഭിക്കുന്നതോ പരമാവധി 18 രൂപ മാത്രമാണ്. കയറ്റുമതി കുറഞ്ഞതും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ മാന്ദ്യം സംഭവിച്ചതും വിലയിടിവിന് കാരണമായി. അതോടൊപ്പം കൊളുന്തിന്‍റെ വില നിര്‍ണയത്തില്‍ ചെറുകിട കര്‍ഷകരെ ഉള്‍പ്പെടുത്താറില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
അതേ സമയം ഗുണമേന്മയ്‌ക്ക് അനുസരിച്ച് ഒരുകിലോ തേയില പൊടിക്ക് 220 രൂപ വരെയാണ് പൊതു വിപണിയിലെ വില. എന്നാല്‍ ഇതിന് ആനുപാതികമായ വില കര്‍ഷകന് ലഭിക്കുന്നുമില്ല. ഇത്തരം നിരവധി തിരിച്ചടികളിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഈ ചെറുകിട തേയില കർഷകർ.