ഇടുക്കി: കിഴുകാനത്ത് കാട്ടിറച്ചിയുമായി പിടികൂടിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്തെന്ന പരാതിയിൽ ആറ് വനപാലകർക്ക് സസ്പെൻഷൻ. കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.സി.ലെനിൻ, എൻ.ആർ.മോഹനൻ, ഡ്രൈവർ ജിമ്മി ജോസഫ്, വാച്ചർമാരായ കെ.എൻ.മോഹനൻ, കെ.ടി.ജയകുമാർ എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ആദിവാസി യുവാവായ കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജിയെ കാട്ടിറച്ചിയുമായി പിടികൂടിയെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 20നാണ് അറസ്റ്റ് ചെയ്‌തത്. വനപാലകർ കള്ളക്കേസെടുത്തു യുവാവിനെ കുടുക്കുകയായിരുന്നെന്ന് ആരോപിച്ച് യുവാവിന്റെ മാതാപിതാക്കളായ സജിയും നിർമലയും വനംവകുപ്പ് ഓഫിസ് പടിക്കൽ നിരാഹാരസമരം ആരംഭിച്ചതിനെത്തുടർന്ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി.രാഹുലിനെയും സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അനിൽകുമാറിനെയും സ്ഥലം മാറ്റിയിരുന്നു. എന്നാൽ, കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സമരം തുടരുന്നു.
സമരത്തിന്‍റെ അഞ്ചാം ദിനമായ ഇന്നലെ ഇരുവരുടെയും ആരോഗ്യനില മോശമായതോടെ തഹസിൽദാരുടെ നിർദേശപ്രകാരം ഇവരെ അറസ്റ്റ് ചെയ്‌ത് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് സരുൺ നിരാഹാരസമരം ആരംഭിച്ചു. മാതാപിതാക്കൾ ആശുപത്രിയിലും നിരാഹാരസമരം തുടരുമെന്നു പ്രഖ്യാപിച്ചിരിക്കെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തത്.
സസ്പെൻഡ് ചെയ്‌തുകൊണ്ടുള്ള ഓർഡർ ലഭിച്ചാൽ നിരാഹാരസമരം അവസാനിപ്പിക്കുമെന്ന് ആദിവാസി സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കി. കള്ളക്കേസ് എടുക്കാൻ കൂട്ടുനിന്ന താൽക്കാലിക വാച്ചർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും യുവാവിനു നഷ്‌ടപരിഹാരം ലഭ്യമാക്കാനായി കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. മറ്റൊരാളുടെ പുരയിടത്തിൽനിന്നു കണ്ടെത്തിയ ഇറച്ചി സരുണിന്‍റെ ഓട്ടോറിക്ഷയിൽ നിന്നും കണ്ടെത്തിയെന്ന രീതിയിൽ കള്ളക്കേസിൽ കുടുക്കിയെന്നായിരുന്നു പരാതി. പരാതി അന്വേഷിക്കാൻ എത്തിയ കോട്ടയം ഇൻസ്പെക്ഷൻ ആൻഡ് ഇവാല്യുവേഷൻ കൺസർവേറ്റർ നീതു ലക്ഷ്‌മിക്കു താത്കാലിക വാച്ചർ ഈ രീതിയിൽ മൊഴി നൽകുകയും ചെയ്‌തിരുന്നു.