ഇടുക്കി: മണ്ണിടിച്ചിലിൽ ദേവികുളം ഗ്യാപ്പ് റോഡിലേക്ക് ഇടിഞ്ഞ് വീണ കല്ലും മണ്ണും പൂർണ്ണമായി നീക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ഇടിഞ്ഞു വീണ കല്ലും മണ്ണും ഭാഗികമായി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുന്നത്. കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്ന പ്രദേശമെന്ന നിലയിൽ കല്ലും മണ്ണും പൂർണ്ണമായി നീക്കിയില്ലെങ്കിൽ വാഹനാപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.
ഈ മാസം ആദ്യ ആഴ്‌ചയിലാണ് കനത്ത മഴയെ തുടർന്ന് മലയിടിഞ്ഞ് കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ്പ് റോഡിൽ വീണത്. ഇതേതുടർന്ന് ഒരാഴ്‌ചയോളം ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. എന്നാൽ റോഡിലേക്ക് വീണ കല്ലും മണ്ണും ഭാഗികമായി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
എന്നാൽ റോഡിന്‍റെ മധ്യഭാഗം മുതൽ വലിയ പാറയും മണ്ണും കിടക്കുകയാണ്. കനത്ത മൂടൽ മഞ്ഞനുഭവപ്പെടുന്ന പ്രദേശമാണിത്. റോഡിൽ നിന്നും കല്ലും മണ്ണും പൂർണ്ണമായി നീക്കിയില്ലെങ്കിൽ വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയുണ്ട്. മൂടൽമഞ്ഞ് മൂലം കാഴ്‌ച മറഞ്ഞ് മുമ്പ് ഗ്യാപ്പ് റോഡ് മേഖലയിൽ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഉരുളൻ കല്ലുകളും പാതയുടെ മധ്യഭാഗത്ത് വരെ നിരന്നു കിടപ്പുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുന്നതോടെ പാതയിൽ തിരക്കേറാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യം മുന്നിൽ കണ്ട് റോഡിൽ നിന്ന് കല്ലും മണ്ണും എത്രയും വേഗം നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.