ഇടുക്കി: മൂന്നാറിലെ വഴിയോരങ്ങളില്‍ സ്ഥാപിച്ചിരുന്ന അനധിക്യത പെട്ടിക്കടകള്‍ പൊളിച്ചുനീക്കി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് സ്ഥാപിച്ചിരുന്ന മൂന്നിലധികം പെട്ടിക്കടകളാണ് മൂന്നാര്‍ പഞ്ചായത്ത് അധിക്യതരുടെ നേത്യത്വത്തില്‍ പൊളിച്ചുനീക്കിയത്. ദേവികുളം സബ് കലക്ടറുടെ നേത്യത്വത്തില്‍ കൂടിയ ട്രാഫിക്ക് കമ്മറ്റിയുടെ നിര്‍ദേശപ്രകാരമാണ് മൂന്നാറിലും സമീപപ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന പെട്ടിക്കടകള്‍ സെക്രട്ടറി അജിത്ത് കുമാറിന്‍റെ നേത്യത്വത്തില്‍ പൊളിച്ചുനീക്കിയത്.
വര്‍ഷങ്ങളായി സ്ഥാപിച്ചിരുന്ന പെട്ടിക്കടകളായതിനാല്‍ കോടതിയെ തെറ്റിധരിപ്പിച്ച് സ്റ്റേ ഓഡറുകള്‍ കൈപ്പറ്റിയിരുന്നു. അതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിന് കഴിയുന്നില്ല. സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ കഴിയാത്തവിധത്തില്‍ പെട്ടിക്കടകള്‍ പെരുകുന്നത് ട്രാഫിക്ക് കുരുക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്. പ്രശ്‌നത്തില്‍ സര്‍ക്കാരിന്‍റെ ഇടപെടൽ അനിവാര്യമാണെന്നും ആവശ്യമുയരുന്നുണ്ട് .
അതേസമയം മൂന്നാറില്‍ വര്‍ഷങ്ങളായി ഉപജീവനത്തിനായി പെട്ടിക്കടകള്‍ സ്ഥാപിച്ചിരിക്കുന്നവരെ ഒഴിപ്പിക്കുന്നത് ശരിയല്ലെന്നും പ്രശ്‌നത്തില്‍ പഞ്ചായത്ത് ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കണമെന്നും സിപിഐ അംഗം അഡ്വ. ചന്ദ്രപാല്‍ പറഞ്ഞു.