ഇടുക്കി: കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേര്‍ കൂടി ജില്ലയില്‍ നിരീക്ഷണത്തില്‍. ഇതോടെ 61പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ന് നിരീക്ഷണം ഏർപ്പെടുത്തിയ ഒരാള്‍ ഇറ്റലിയില്‍ നിന്നും ആറ് പേര്‍ മലേഷ്യയില്‍ നിന്നുമുള്ളവരാണ്. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ആരും കഴിയുന്നില്ല. 61 പേരും വീടുകളിലാണ് കഴിയുന്നത്.
പൊതുജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റുന്നതിനായി തൊടുപുഴ നഗരസഭയുടേയും ജില്ലാ ആശുപത്രിയുടേയും നേതൃത്വത്തില്‍ തൊടുപുഴ നഗരസഭാ പരിധിയില്‍ മൈക്ക് അനൗണ്‍സ്‌മെന്‍റ് നടത്തി. കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നും ഇടുക്കി ജില്ലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് രോഗബാധയില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവയില്‍ ബുക്കിങുകള്‍ അനുവദിക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ കലക്‌ടര്‍ ഉത്തരവിട്ടു. ഏത് രാജ്യത്ത് നിന്നുള്ള വിനോദസഞ്ചാരികളാണെന്ന വിവരം അവരുടെ പാസ്‌പോര്‍ട്ട്, മറ്റ് രേഖകള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട ജീവനക്കാർക്കാണ്. എന്നാൽ ഇതുവരെയും ജില്ലയിൽ കൊവിഡ് 19 റിപ്പോർട്ട് ചെയ്‌തിട്ടില്ല. പരിശോധനയ്ക്കായി അയച്ച സാമ്പിളുകൾ എല്ലാം തന്നെ നെഗറ്റീവാണ്.