ഇടുക്കി: ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് നിരോധനാജ്ഞ നീട്ടി ജില്ലാ ഭരണകൂടം. മൂന്ന് പഞ്ചായത്തുകളിലെ കൂടുതൽ വാർഡുകളിലേക്കാണ് നിരോധനാജ്ഞ നീട്ടിയത്.
അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ നീട്ടിയത്. സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ വാര്‍ഡുകളിലാണ് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളായ കരുണാപുരം പഞ്ചായത്തിലെ 5,6,9 വാർഡുകളും, വണ്ടന്മേട് പഞ്ചായത്തിലെ 9-ാം വാർഡും, ചിന്നക്കനാല്‍ പഞ്ചായത്തിലെ 6,8 എന്നീ വാര്‍ഡുകളിലുമാണ് 144 പ്രഖ്യാപിച്ചത്. ഏപ്രില്‍ 21 വരെ നിരോധനാജ്ഞ നിലനിൽക്കും. അതേ സമയം കരുണാപുരം ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡ് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടാത്തതിനാല്‍ നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കി. അതിർത്തി മേഖലയിൽ ശക്തമായ നിരീക്ഷണം തുടരുകയാണ്. തമിഴ്നാട്ടിൽ പോയി മടങ്ങി എത്തിയ ഇടുക്കി പോസ്റ്റൽ സൂപ്രണ്ട് പി. പരമശിവത്തെ കേരളത്തിൽ പ്രവേശിപ്പിക്കാതെ കമ്പംമെട്ടിൽ നിന്ന് തിരിച്ചയച്ചു. തമിഴ്നാട്ടിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ആരേയും കേരളത്തിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം.