ഇടുക്കി : രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ പട്ടയമേളയ്‌ക്ക് ഒരുങ്ങുന്നതിനിടെ ഇടുക്കിയില്‍ പ്രതിഷേധമുയരുന്നു. സെപ്‌റ്റംബര്‍ 14-ാം തിയ്യതി തൃശൂരിലാണ് മേള. എന്നാല്‍ 2423 പട്ടയങ്ങൾ മാത്രമേ ഇടുക്കിയ്ക്കായി വിതരണം ചെയ്യാന്‍പോകുന്നുള്ളൂവെന്നാണ് ആക്ഷേപം.
1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം 1813, പ്രത്യേക ഭൂപതിവ് 1993 ചട്ടപ്രകാരം 393, എല്‍.ടി ക്രയസര്‍ട്ടിഫിക്കറ്റ് പ്രകാരം 25 എന്നിങ്ങനെയാണ് പട്ടയം വിതരണം ചെയ്യാന്‍ തീരുമാനമായത്. മുനിസിപ്പല്‍ ചട്ടപ്രകാരം 3, വനാവകാശ രേഖയനുസരിച്ച് 158, ഹൈറേഞ്ച് കൊളോനൈസേഷന്‍ സ്‌കീം പ്രകാരം 31 എന്നിങ്ങനെയും വിതരണത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുന്നു.
കൃത്യമായ നടപടികൾ സ്വികരിച്ചില്ലെന്ന് കോണ്‍ഗ്രസ്
ജില്ലയില്‍ ആറ് എല്‍.എ ഓഫിസുകളിലായി 15,000 ത്തിലധികം അപേക്ഷകളാണുള്ളത്. ഈ സാഹചര്യത്തില്‍ വളരെ കുറച്ച് പട്ടയങ്ങള്‍ മാത്രം വിതരണം ചെയ്യുന്നത് ഉദ്യോഗസ്ഥ അലംഭാവമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ലാന്‍ഡ് അസൈന്‍മെന്‍റ് കമ്മിറ്റിയോഗങ്ങൾ വിളിച്ചുചേർത്ത് കൂടുതൽ പട്ടയങ്ങൾ കർഷകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും നേതാക്കള്‍ പറയുന്നു.
എന്നാല്‍ ഈ സര്‍ക്കാരിന്‍റെ കാലത്തുതന്നെ ഇടുക്കിയിലെ മുഴുവന്‍ അര്‍ഹതപ്പെട്ടവര്‍ക്കും മൂന്ന് ചെയിന്‍മേഖലയിലടക്കം പട്ടയം നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്പിന്‍റെ വിശദീകരണം.
പ്രതിഷേധം ഉയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍
1964 ലെ ഭൂമി പതിവ് നിയമപ്രകാരം പട്ടയം നല്‍കുന്നതിന് അപേക്ഷകള്‍ ലാന്‍ഡ് അസൈന്‍മെന്‍റ് കമ്മിറ്റി കൂടി അംഗീകാരം നല്‍കേണ്ടതുണ്ട്. എന്നാല്‍, നിലവില്‍ ലാന്‍ഡ് അസൈന്‍മെന്‍റ് കമ്മിറ്റികള്‍ യഥാസമയം യോഗം ചേരാത്തതാണ് പട്ടയത്തിന്‍റെ എണ്ണം കുറയാന്‍ കാരണമെന്നാണ് ആരോപണം.
നടക്കാനിരിക്കുന്ന പട്ടയമേളയില്‍ മൂന്ന് ചെയിന്‍ മേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനമെടുക്കാത്തതിലും വിമര്‍ശനമുയരുന്നു. പട്ടയ വിഷയം ജില്ലയില്‍ ശക്തമായി ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
ALSO READ: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍