ഇടുക്കി : ഭൂമാഫിയയുടെ കടന്നുകയറ്റത്താൽ ജനിച്ച മണ്ണില്‍ നിന്നും കെട്ടിപ്പടുത്ത വീട്ടില്‍ നിന്നും കുടിയിറക്കപ്പെട്ട് പട്ടികജാതി കുടുംബങ്ങള്‍. ഇടുക്കി പൊന്നാംങ്കാണി പട്ടികജാതി സെറ്റിൽമെന്‍റ് കോളനി നിവാസികള്‍ക്കാണ് കിടപ്പാടം നഷ്ടമാകുന്നത്. 62 കുടുംബങ്ങൾ ജീവിച്ചിരുന്ന കോളനിയിൽ ഇപ്പോൾ ശേഷിക്കുന്നത് ഒൻപത് കുടുംബങ്ങൾ മാത്രം.
Read Also...........ഇടുക്കിയില്‍ റോഡ് നിര്‍മ്മാണത്തിന്‍റെ മറവില്‍ അനധികൃത മരം മുറി
ഇവരുടെ ഏഴ് പതിറ്റാണ്ടുകാലത്തെ അധ്വാനവും സമ്പാദ്യവും തകർത്തെറിഞ്ഞാണ് ഭൂമാഫിയ ഇവിടം കയ്യടക്കിയത്. കോളനിവാസികളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 180 ഏക്കർ ഭൂമിയിൽ ഇപ്പോൾ കൈവശമുള്ളത് 11.5 ഏക്കർ മാത്രം. ബാക്കി ഭൂമി മാത്രമല്ല, മേഖലയിലുണ്ടായിരുന്ന റവന്യൂഭൂമി, വനം, പാറയിടം, പുറമ്പോക്ക്, തോട് എന്നിവ ഉൾപ്പടെയുള്ളതും ഭൂമാഫിയ കൈയ്യടക്കി.
2008 ൽ ഇടുക്കിയിൽ കാറ്റാടി വൈദ്യുത പദ്ധതി ആരംഭിച്ചതിന്‍റെ മറവിലാണ് മേഖലയിൽ ഭൂമാഫിയയുടെ കടന്നുകയറ്റം രൂക്ഷമായത്. കാറ്റാടിപ്പാടത്തിനായി സർക്കാർ കോളനി ഭൂമി ഏറ്റെടുക്കുമെന്ന് ഭീതിപരത്തി തുച്ഛമായ വിലക്ക് ഇതിന് ചുറ്റുമുള്ള ഭൂമികൾ വാങ്ങിക്കൂട്ടുകയായിരുന്നു.
തുടർന്ന് കോളനിവാസികൾക്ക് വഴികൊടുക്കാതെയും കുടിവെള്ളം നിഷേധിച്ചും കള്ളക്കേസുകളിൽ കുടുക്കിയും ദ്രോഹിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മാത്രം നൂറോളം കേസുകളാണ് ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ളത്.