ഇടുക്കി: ഇടുക്കി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് 1.88 കോടി രൂപ അനുവദിച്ചതായി റോഷി അഗസ്റ്റിന്‍ എംഎല്‍എ. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന മുഴുവന്‍ റോഡുകള്‍ക്കും വിവിധ പദ്ധതികളിലൂടെ തുക അനുവദിച്ചിട്ടുള്ളതായും എംഎൽഎ പറഞ്ഞു. പകുതിപ്പാലം-തേക്കിന്‍തണ്ട്-മുരിക്കാശ്ശേരി റോഡ്, വാഴത്തോപ്പ്-മണിയാറന്‍കുടി റോഡ്, തടിയംപാട്-പള്ളിത്താഴം-ചെറുതോണി, കട്ടപ്പന-നേതാജി ബൈപ്പാസ്, ചിന്നാര്‍-പെരിഞ്ചാംകുട്ടി, കീരിത്തോട്-പെരിയാര്‍വാലി എന്നീ റോഡുകളുടെ നവീകരണത്തിനായാണ് തുക അനുവദിച്ചിരിക്കുന്നത്.
കൂടാതെ ഇടുക്കി നാലുമുക്ക് റോഡില്‍ മരിയാപുരം ജങ്ഷന് സമീപം സംരക്ഷണ ഭിത്തി നിര്‍മാണത്തിന് 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും സമയബന്ധിതമായി നിര്‍മാണം ആരംഭിക്കാനാകുമെന്നും എംഎല്‍എ പറഞ്ഞു.