ഇടുക്കി: ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം വീട്ടില്‍ സൗമ്യ സന്തോഷിന് ജന്മനാട് കണ്ണിരോടെ വിട നല്‍കി. ഉച്ചയ്ക്ക് രണ്ടു മണിക്ക് കീരിത്തോട് നിത്യസഹായമാതാ ദേവാലയത്തിലാണ് സംസ്ക്കാരം നടന്നത്. ഇടുക്കി രൂപതാ മെത്രാന്‍ ജോണ്‍ നെല്ലിക്കുന്നേലിന്‍റെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
കൂടുതൽ വായനയ്ക്ക്:സൗമ്യ സന്തോഷിന്‍റെ നിര്യാണം ; അന്ത്യോപചാരമര്‍പ്പിച്ച് ജനപ്രതിനിധികൾ
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് മൃതദേഹം കീരിത്തോട്ടെ വീട്ടിലെത്തിച്ചത്. ഞായറാഴ്ച പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ജില്ല കലക്ടര്‍ എച്ച്. ദിനേശന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സഡ്ക സൗമ്യയുടെ വീട്ടിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ ഫിലപ്പ്, ജനപ്രതിനിധികള്‍, സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.