ഇടുക്കി: ആളൊഴിഞ്ഞ നിരത്തുകള്‍ കൊവിഡ് കാലത്തിന്‍റെ കറുത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ചിത്രമാണ്. എന്നാല്‍ ഈ കൊവിഡ് ഭീതിക്കുള്ളിലും അടിമാലി ടൗണിലെ പാതയോരങ്ങളില്‍ പൂത്തു നില്‍ക്കുന്ന തണല്‍ മരങ്ങള്‍ മനസിന് കുളിര്‍മ്മ നല്‍കുന്ന കാഴ്ച്ചയാണ്. നഗരം ആളൊഴിഞ്ഞ് വിജനമെങ്കിലും ഈ കറുത്ത കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കാന്‍ ഏഴഴക് വിരിയുന്ന ഈ വസന്തകാലം നമുക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
മൂന്നാറിന്‍റെ പ്രവേശന കവാടമാണ് അടിമാലി. മൂന്നാറിലേക്ക് സഞ്ചാരികള്‍ എത്താത്തതിനാല്‍ അടിമാലിയുടെ നിരത്തുകളും ആളൊഴിഞ്ഞ് കിടക്കുകയാണ്. പക്ഷെ സഞ്ചാരികള്‍ എത്തിയാലും ഇല്ലെങ്കിലും പതിവായി പൂക്കുന്ന അടിമാലിയുടെ പാതയോരങ്ങളിലെ തണല്‍ മരങ്ങള്‍ ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. വാകയും ഇലഞ്ഞിയുമെല്ലാം മനസിന് കുളിർമനൽകി പൂത്തുലഞ്ഞ് നില്‍ക്കുന്നു. അതിഥികളായി എത്തിയിട്ടുള്ളതാകെ വണ്ടുകളും ശലഭങ്ങളും മാത്രം.
READ MORE: കാഞ്ഞങ്ങാട് തീരത്ത് കുഞ്ഞന്‍ ഡോള്‍ഫിൻ, സമൂഹ മാധ്യമങ്ങളിലെ താരം
ടൗണിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധിയായ പൂമരങ്ങളുണ്ട്. സഞ്ചാരികളായി എത്തുന്നവര്‍ പലപ്പോഴും ഈ പൂമരങ്ങള്‍ക്ക് ചുവട്ടില്‍ വാഹനങ്ങള്‍ നിര്‍ത്തി ചിത്രമെടുക്കുകയും വിശ്രമിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അതോക്കെ ഈ വസന്തകാലത്തത് ഓര്‍മ്മകളായി തീര്‍ന്നു. വേനല്‍മഴയില്‍ പുഷ്പങ്ങളില്‍ ചിലത് കൊഴിഞ്ഞ് തുടങ്ങിയിരിക്കുന്നു. ആശങ്കയുടെ കൊവിഡ് കാലത്ത് ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും കുളിര്‍മയുടെ നല്ല കാഴ്ച്ചയൊരുക്കുകയാണ് പാതയോരങ്ങളില്‍ പതിവ് തെറ്റിക്കാതെ പൂത്തുലഞ്ഞു നിൽക്കുന്ന ഈ പൂമരങ്ങള്‍.