ഇടുക്കി: കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യാനാകാതെ ദുരിതത്തിലായിരിക്കുകയാണ് ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആറാംമൈൽ നിവാസികൾ. മാങ്കുളം ഗ്രാമപഞ്ചായത്തിലെ പ്രധാന പാതയാണ് നാല് വർഷമായി തകർന്നു കിടക്കുന്നത്. നാലു വർഷം പിന്നിട്ടിട്ടും റോഡിന്‍റെ റീടാറിങ് നടത്താതെ വന്നതോടെയാണ് റോഡ് പൂർണമായും തകർന്നത്.
പ്രളയത്തിൽ തകർന്ന പാതയുടെ നൂറ് മീറ്ററോളം ഭാഗം ഇനിയും പുനർ നിർമ്മിച്ചിട്ടില്ല. ഇന്ധനച്ചെലവും അറ്റകുറ്റപ്പണികളും ഏറിയതോടെ പ്രദേശത്തേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസുകൾ അവസാനിപ്പിച്ചു. ഇടക്കിടെ പ്രദേശവാസികളും, വാഹന ഉടമകളും, സന്നദ്ധ സംഘടനകളും ചേർന്ന് നടത്തുന്ന അറ്റകുറ്റപ്പണികൾ അല്ലാതെ മറ്റൊരു നിർമാണ പ്രവർത്തനവും നടന്നിട്ടില്ല. റോഡിലെ കുഴികളിൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. പുനർനിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് പ്രദേശത്ത് ജനകീയ സമരത്തിന് തയ്യാറെടുക്കുകയാണ് ഗ്രാമവാസികള്‍.