ഇടുക്കി: ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ഇടുക്കി പാപ്പാത്തിച്ചോലയിലെ റവന്യൂ ഭൂമി വനം വകുപ്പിന് കൈമാറും. മേഖലയിലെ ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് ഭൂമി വനം വകുപ്പിന് കൈമാറുന്നത്. 2016ലാണ് 300 ഏക്കർ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചത്.
സംസ്ഥാന സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയതാണ് പാപ്പാത്തിച്ചോല കുരിശ് പൊളിക്കലും ഭൂമി ഏറ്റെടുക്കലും. 2016ലാണ് ശ്രീരാം വെങ്കിട്ടരാമൻ ദേവികുളം സബ് കലക്ടർ ആയിരിക്കെയാണ് സ്‌പിരിറ്റ് ഇൻ ജീസസ് എന്ന സംഘടന കുരിശു വെച്ച് കയ്യേറിയ പാപ്പാത്തിച്ചോലയിലെ 300 ഏക്കറിലധികം വരുന്ന ഭൂമി തിരിച്ചുപിടിച്ചത്. ഇവിടെ സ്ഥാപിച്ചിരുന്ന വലിയ കുരിശ് ജെസിബി ഉപയോഗിച്ചു പൊളിച്ചു നീക്കിയതാണ് വിവാദത്തിന് കാരണമായത്. എന്നാൽ റവന്യുവകുപ്പ് ഭൂമി ഏറ്റെടുത്തതിനു ശേഷം ഒരു പരാതി പോലും കയ്യേറ്റക്കാർ നൽകിയിട്ടുമില്ല.
ഹെഡ് സർവേയർ ഷിജുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സർവ്വേ നടപടികളും ആരംഭിച്ചു. സർവ്വേ നമ്പർ 34/1 പെട്ട ഭൂമിയിലാണ് ഇപ്പോൾ സർവ്വേ നടത്തുന്നത്. നടപടികൾ പൂർത്തീകരിച്ച് വളരെ പെട്ടെന്ന് ഭൂമി വനം വകുപ്പിന് കൈമാറുമെന്ന് റവന്യൂ അധികൃതർ വ്യക്തമാക്കി.