ഇടുക്കി : ചിന്നക്കനാലിലെ കൈയേറ്റ ഭൂമി തിരിച്ചുപിടിയ്ക്കുന്നതിന് റവന്യൂ വകുപ്പ് നടപടികള്‍ ആരംഭിച്ചു. കൈയേറ്റ ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ റീ ഓപ്പണ്‍ ചെയ്യാന്‍ റവന്യൂ വകുപ്പ് അപേക്ഷ നല്‍കി. ഏക്കര്‍ കണക്കിന് ഭൂമിയിലാണ് കൈവശാവകാശം ഉന്നയിച്ച് കൈയേറ്റക്കാര്‍ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിലൂടെ ഈ ഭൂമിയും തിരിച്ചുപിടിയ്ക്കാനാണ് റവന്യൂ വകുപ്പിന്‍റെ നീക്കം.
കൈയേറ്റ ഭൂമിയുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഹൈക്കോടതിയില്‍ മാത്രം നിലനില്‍ക്കുന്നത്. ഇത് വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് വേണ്ടിയാണ് നിലവില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം ജില്ല കലക്‌ടര്‍ തീര്‍പ്പാക്കേണ്ട നാല് കേസുകളുമുണ്ട്. സബ് കലക്‌ടർ തീർപ്പാക്കേണ്ട മൂന്ന് കേസുകളും വേഗത്തില്‍ തീര്‍പ്പാക്കി ഭൂമി ഏറ്റെടുക്കാനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം.
ആദിവാസികള്‍ക്ക് തന്നെ വിതരണം ചെയ്‌തു
ആദിവാസികള്‍ക്ക് വിതരണം നടത്തിയ മുന്നൂറ്റിയൊന്ന് കോളനി ഉൾപ്പടെ ജനവാസമില്ലാത്ത പ്ലോട്ടുകള്‍ ഏറ്റെടുക്കുന്നതിനും ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്‍റുമായി ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുക്കല്‍ നടപപടികളുമായി രംഗത്ത് എത്തിയതോടെ ഇത്തരം ഭൂമികള്‍ പാട്ടത്തിന് നല്‍കി കൈവശമുണ്ടെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടക്കുന്നതായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ പറഞ്ഞു.
ഏറ്റെടുക്കുന്ന ഭൂമികള്‍ വീണ്ടും അര്‍ഹരായ ആദിവാസികള്‍ക്ക് തന്നെ വിതരണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ആദിവാസി ഭൂമി ഏറ്റെടുക്കുന്നതിനോടൊപ്പം കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ കൂടി തീര്‍പ്പാക്കിയാല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ വന്‍കിട കൈയേറ്റങ്ങളടക്കം ഒഴിപ്പിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റവന്യൂ വകുപ്പ്.
Also read: അന്ന് കുറ്റപ്പെടുത്തിയവരും കൈയടിച്ചു, ജനത്തെ കൊണ്ട് അത് ചെയ്യിച്ചത് ഭാവനയുടെ പോരാട്ടം : ഭാഗ്യലക്ഷ്മി