ഇടുക്കി: ജില്ലയിൽ അടച്ച് പൂട്ടിയ പൊലിസ് ക്യാന്‍റീനുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാൻ നടപടിയില്ല. ജില്ലയില്‍ ആറ് കേന്ദ്രങ്ങളിലാണ് പൊലീസ് ക്യാന്‍റീനുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. മിതമായ നിരക്കില്‍ മെച്ചപെട്ട ഭക്ഷണം ലഭ്യമായിരുന്ന സ്ഥാപനങ്ങളാണ് അടച്ച് പൂട്ടിയത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ പോലും ക്യാന്‍റീനുകള്‍ പ്രവര്‍ത്തിച്ചിരുന്നത് പൊതു ജനത്തിന് വലിയ ആശ്വാസമായിരുന്നു. നടത്തിപ്പില്‍ വിവിധ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലയിലെ പൊലിസ് ക്യാന്‍റീനുകള്‍ അടച്ച് പൂട്ടാന്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.
കട്ടപ്പന, അടിമാലി, നെടുങ്കണ്ടം, കുമളി, മൂന്നാര്‍, തൊടുപുഴ എന്നീ കേന്ദ്രങ്ങളിലാണ് ജില്ലയില്‍ പൊലിസ് ക്യാന്‍റീന്‍ പ്രവര്‍ത്തിച്ചിരുന്നത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ക്യാന്‍റീന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ ഗുണകരവുമായിരുന്നു.
നിലവില്‍ പൊലിസ് ക്യാന്‍റീനുകള്‍, പൊലിസ് ഉദ്യോഗസ്ഥര്‍ക്കാവശ്യമായ മെസ് ആയി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വിധം പ്രവര്‍ത്തനം പുനരാരംഭിക്കുകയോ, കുടുംബശ്രീ പോലുള്ള ഏജന്‍സികളെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.