ഇടുക്കി: നാരിയമ്പാറയിൽ പീഡനത്തെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. പതിനാറ് വയസുകാരിയായ ദലിത് പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 21നാണ് മുൻ ഡിവൈഎഫ്ഐ പ്രവർത്തകനായ മനു മനോജ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ 24ന് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
60 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. മനു മനോജ് നിലവിൽ റിമാന്‍റിലാണ്. സംഭവം വിവാദമായതിന് പിന്നാലെ പ്രതിയെ ഡിവൈഎഫ്ഐയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. വെള്ളിയാഴ്‌ച രാവിലെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.