ഇടുക്കി: പതിനഞ്ച് വര്‍ഷത്തിനിടെ ദേവികുളം സബ് കലക്ടറായിരുന്ന മൂന്നുപേര്‍ തന്നെ ദ്രോഹിക്കുന്ന സമീപനം സ്വീകരിച്ചതായി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍. പതിനഞ്ച് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചത്. വ്യക്തിപരമായി നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിരുന്നില്ല. തന്നാല്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഔദ്യോഗിക ജീവിതത്തില്‍ ദേവികുളം സബ് കലക്ടറായിരുന്ന മൂന്ന് പേര്‍ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍, പ്രേംകുമാര്‍, രേണുരാജ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രൂരമായിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നിയസഭയില്‍ തന്നെ കൈയേറ്റക്കാരനായി ചിത്രീകരിച്ചെന്നും ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്‍ മൂന്നാറില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പങ്കെടുത്തിരുന്നു. ചിലര്‍ രാഷ്ട്രീയപരമായി നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത്രയും നാള്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ മുഴുവന്‍ ആളുകള്‍ക്കും നന്ദി പറയുന്നതായും എസ്. രാജേന്ദ്രൻ അറിയിച്ചു.