ഇടുക്കി: കര്‍ഷകരുടെ വായ്‌പകള്‍ക്ക് പലിശയിളവ് പ്രഖ്യാപിച്ച് രാജകുമാരി സർവീസ് സഹകരണ ബാങ്ക്. നിലവിലുള്ള വായ്‌പകളുടെ പലിശ നിരക്ക് അഞ്ച് ശതമാനം വെട്ടിക്കുറക്കുന്നതിനൊപ്പം കൂടുതൽ വായ്‌പകള്‍ വിതരണം ചെയ്യുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. 17-15 ശതമാനത്തിന് വിതരണം ചെയ്‌ത സാധാരണ വായ്‌പകള്‍ 9-12 ശതമാനം പലിശ നിരക്കിലേക്കാണ് മാറ്റുന്നത്. ജില്ലയില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ സാധാരണ വായ്‌പ നല്‍കുന്ന പ്രഥമ ബാങ്കാണിത്. സഹകാരികൾ ബാങ്കിലെത്തി വായ്‌പ പുതുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജെഎൽജി ഗ്രൂപ്പുകൾ, കുടുംബശ്രീ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ എന്നിവക്ക് ഒരു കോടി ഇരുപതുലക്ഷം രൂപ വായ്‌പ വിതരണം ചെയ്‌തു. തുടർന്ന് ആവശ്യമുള്ള സംഘങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ തന്നെ വളരെ കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ ലഭ്യമാക്കും. ഏലകർഷകർ കൂടുതലായുള്ള മേഖലയിൽ ഏലക്കായയുടെ വില കഴിഞ്ഞ വർഷത്തേതിനേക്കാളും കുറഞ്ഞതും കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തമാണ് ഭരണസമിതിയുടെ തീരുമാനം.