ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ കിന്‍ഫ്ര പാർക്കിലെ സ്വകാര്യ സ്ഥാപനം അടച്ചു പൂട്ടിയോടെ 350ഓളം വനിതകൾക്ക് തൊഴിൽ നഷ്ടം. ഇതോടെ 2018 ൽ മന്ത്രി എം.എം. മണി ഉദ്‌ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയ കിൻഫ്ര പാർക്കും അടച്ചു. നോട്ട് നിരോധനവും, പുതിയ തൊഴിൽ നിയമങ്ങളും, യൂണിയൻ സമരങ്ങളുമാണ് സ്വകാര്യ സ്ഥാപനം അടച്ചു പൂട്ടുന്നതിലേക്ക് വഴിവച്ചത്. മാസങ്ങളായി തൊഴിലാളികളുടെ ശമ്പളവും പിഎഫും മുടങ്ങിക്കിടക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ കമ്പനിയുടെ നടത്തിപ്പ് മറ്റൊരു കമ്പനിക്ക് നല്‍കുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്.
2018 ലാണ് കിൻഫ്ര പാർക്കിൽ സ്വകാര്യ കമ്പനി പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷങ്ങൾ പിന്നിടുന്നതിന് മുൻപേ സ്ഥാപനം അടച്ചുപൂട്ടി. പ്രാദേശികമായ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് തൊഴില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ 2010ല്‍ രാജകുമാരി പഞ്ചായത്തിലെ കുളപ്പാറ ചാലില്‍ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് പണികഴിപ്പിച്ചത്. വിവാദങ്ങളെ തുടർന്ന് കിൻഫ്ര റൂറൽ അപ്പാരൽ പാർക്ക് സമുച്ചയം വർഷങ്ങളോളം കാടുകയറി കിടന്നിരുന്നു. നാട്ടുകാർ ശക്‌തമായ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തില്‍ അധികൃതരുടെ ഇടപെടലിനെ തുടർന്ന് കോയമ്പത്തൂർ കേന്ദ്രമായ സ്വകാര്യ കമ്പനി കെട്ടിടം ലീസിനെടുക്കുകയും ബനിയൻ നിർമാണ യൂണിറ്റ് ആരംഭിക്കുകയും ചെയ്‌തു. രാജകുമാരി, രാജാക്കാട്, ശാന്തൻപാറ, സേനാപതി, ബൈസൺവാലി ചിന്നക്കനാൽ ഉടുമ്പൻചോല പഞ്ചായത്തുകളിലെ 350 വനിതകൾക്ക് പ്രത്യക്ഷമായും ആയിരത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴിൽ ലഭിച്ചു. എന്നാല്‍ സ്ഥാപനം അടച്ചുപൂട്ടിയതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ.