ഇടുക്കി: രാജാക്കാട് ഉണ്ടമലയിൽ ഗുണ്ടാസംഘം മധ്യവയസ്‌കയെ ആക്രമിച്ചതായി പരാതി. ചക്കുങ്കൽ വീട്ടിൽ മേരി ജോസഫിനെയും കുടുംബത്തെയുമാണ് എട്ടംഗ ഗുണ്ടാസംഘം രാത്രി വീട് കയറി ആക്രമിച്ചത്. കഴിഞ്ഞ പതിനെട്ടാം തിയതിയാണ് സംഭവം.
രാത്രി പത്ത് മണിയോടെ ആയുധങ്ങളും ബിയർ കുപ്പികളുമായി എത്തിയ സംഘം മേരിയുടെ കാൽ തല്ലിയോടിക്കുകയും ഭർത്താവ് ജോസഫിനെയും ഇളയ മകൻ ജിബിനെയും മൂത്ത മകന്‍റെ പതിനാല് വയസുള്ള മകനെയും ക്രൂരമായി മർദിക്കുകയായിരുന്നു. സമീപവാസിയായ യുവാവ് മേരിയുടെ ഇളയ മകനെ കുറിച്ച് അപവാദം പറഞ്ഞത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ആക്രമണം.
രാജാക്കാട് പൊലീസ് എത്തിയാണ് മേരിയെയും കുടുംബാംഗങ്ങളേയും അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിന് പ്ലാസ്റ്റർ ഇട്ട് ചികിത്സയിലായിരുന്ന മേരി കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഗുണ്ടാസംഘത്തിന് നേരെ സ്വയംരക്ഷയ്ക്കായി മേരിയുടെ മകൻ കത്തി വീശുകയും അക്രമികൾക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
ഇതേ തുടർന്ന് മേരിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയെങ്കിലും വീട് കയറി അക്രമിച്ചവർക്ക് എതിരെ പൊലീസ് യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മേരി ആരോപിക്കുന്നു. ഗുണ്ട ആക്രമണത്തിൽ പരിക്കേറ്റ മേരിയുടെ മകൻ ജിബിന് ചികിത്സ നൽകാന്‍ പൊലീസ് വിസമ്മതിച്ചതായും മേരി ആരോപിച്ചു.
അതേസമയം, ആക്രമണം നടത്തിയവർക്ക് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് രാജാക്കാട് പൊലീസ് അറിയിച്ചു.
Also read: ജ്വല്ലറിയില്‍ കത്തി കാട്ടി കവര്‍ന്നത് 25 ഗ്രാം സ്വർണമാല; സിസിടിവി ദൃശ്യങ്ങള്‍