ഇടുക്കി : പുതുവർഷത്തെ വിപുലമായ ആഘോഷങ്ങളോടെയാണ് ഇടുക്കി മലയോര മേഖല വരവേറ്റത്. രാജാക്കാട് ലമൺധമാക്ക എന്ന പേരിൽ സംഘടിപ്പിച്ച പുതുവത്സര ആഘോഷം മലയോരമേഖലയ്‌ക്ക് വേറിട്ട അനുഭവമായി. രണ്ട് വർഷത്തെ കൊവിഡും പ്രളയവും കഴിഞ്ഞുള്ള ഉയിർത്തെഴുന്നേൽപ്പിന്‍റെ ഭാഗമായിട്ടാണ് പുതുവത്സരാഘോഷം നടന്നത്.
കൊച്ചിയിലെ മറൈൻ ഡ്രൈവ് പോലെ രാജാക്കാടിനെ ഒരു മിനി ഹബ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘാടകര്‍ പരിപാടി സംഘടിപ്പിച്ചത്. ഇവിഎം ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ലമൺ ഗ്രാസാണ് പുതുവത്സര ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത് . രാജാക്കാട്ടെ വ്യാപാരി വ്യവസായികൾ, പഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുള്ളതായിരുന്നു പുതുവത്സര ആഘോഷം.
ജില്ലയിലെ കാർഷിക രംഗത്തെ തകർച്ച വിനോദ സഞ്ചാരത്തിലൂടെ വീണ്ടെടുത്ത് ഇടുക്കിയെ സമ്പന്നമാക്കുകയാണ് ഇത്തരത്തിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഫുഡ് ഫെസ്റ്റും ജില്ലയിലെ പ്രശസ്‌ത കലാകാരര്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളും അരങ്ങേറി.