ഇടുക്കി: ശാന്തൻപാറ ഗ്രാമ പഞ്ചായത്തിലെ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിന്‍റെ ചുറ്റിലും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ ആയി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശാന്തൻപാറ പഞ്ചായത്ത് യൂണിറ്റിന്‍റെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു . പൂപ്പാറ വില്ലേജിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനത്തിന്‍റെ വടക്ക് - കിഴക്ക് അതിരുമുതൽ തെക്ക് വരെ ഒരു കിലോമീറ്റർ വീതിയിൽ 17.5 ചരുരശ്ര കിലോമീറ്റർ പ്രദേശം ബഫർസോൺ ആയി പ്രഖ്യാപിച്ചുകൊണ്ട് 2020 ഡിസംബർ 28ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് വ്യാപാരികൾ രംഗത്ത് എത്തിയിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ നിർമാണ നിയന്ത്രണങ്ങൾ ഒഴിവാക്കുക, മതികെട്ടാൻ ചോല ദേശീയ ഉദ്യാന പരിധി പൂർവ്വസ്ഥിതിയിലാക്കുക, കരട് വിജ്ഞാപനം വിൻവലിച്ചു കർഷകരെ സംരക്ഷിക്കുക, പൂപ്പാറ വില്ലേജിലെ ഇ.എസ്.എ വിജ്ഞാപനം പിൻവലിക്കുക ,പരിസ്ഥിതിയുടെ പേര് പറഞ്ഞുള്ള കർഷക പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ജില്ലാ സെക്രട്ടറി വി.കെ.മാത്യു പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്‌തു . കൃഷിക്കാരെ മാറ്റിനിർത്തികൊണ്ട് ഒരു ജീവിതം വ്യാപാര സമൂഹത്തിന് ഇല്ലായെന്ന് അദ്ദേഹം പറഞ്ഞു . പൂപ്പാറ യുണിറ്റ് പ്രസിഡന്‍റ് ജോയി ജോസഫ്,സിബി കൊച്ചുവള്ളാട്ട് ,ബ്ലോക്ക് സെക്രട്ടറി സോജൻ വർഗീസ്,കെ.ബി.ജഗദീഷ്,ലിജു വർഗീസ്,ഹരിചന്ദ്രൻ ,സലിം തുടങ്ങിയവർ പങ്കെടുത്തു.