ഇടുക്കി : ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നുവെന്നാരോപിച്ച് ഇടുക്കിയില്‍ സമരം ശക്തമാക്കാന്‍ ഒരുങ്ങി സംഘടനകളുടെ സംയുക്ത വേദി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വിവിധ ജാതി, മത, കര്‍ഷക സംഘടനാ നേതാക്കള്‍ യോഗം ചേര്‍ന്നു. അതിജീവന പോരാട്ടമായി കണ്ട് വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുന്നതിനുള്ള കോഡിനേഷന്‍ കമ്മിറ്റിക്കും രൂപം നല്‍കി.
ബഫര്‍സോണ്‍ വിഷയത്തില്‍ പുതിയ ഉത്തരവിറക്കിയും സുപ്രീംകോടതി ഉത്തരവില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുന്നതിന് വനംവകുപ്പിനെ ചുമതലപ്പെടുത്തിയും കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുവെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ ഉത്തരവില്‍ ആശങ്ക ഒഴിവാക്കാൻ വേണ്ടി കോടതി തന്നെ അനുവദിച്ച സമയ പരിധി അവസാനിക്കാൻ ഇനി പതിനഞ്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കി.
പുതിയ ഉത്തരവിലൂടെ പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ ശ്രമിക്കുന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സംസ്ഥാനത്തിന്‍റെ നിലപാട് സിഇസി വഴിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മുഖേനയും കോടതിയെ ബോധ്യപ്പെടുത്തുന്നതിന് പകരം സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഉത്തരവാണിറക്കിയിരിക്കുന്നത്.
സെപ്‌റ്റംബര്‍ മൂന്നിന് സുപ്രീം കോടതി അനുവദിച്ച കാലപരിധി അവസാനിക്കും. ഇതിന് മുമ്പ് കേരളത്തിന്‍റെ നിലപാട് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും.
23 സംരക്ഷിത വനമേഖലകളില്‍ ബഫര്‍സോണ്‍ സംബന്ധിച്ച് പഠനം നടന്നത് ഒമ്പതിടത്ത് മാത്രമാണ്. ബാക്കിയുള്ള പതിനാലിടത്തുകൂടി പഠനം നടക്കാനുണ്ടെന്നും കോഡിനേഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലും കാലതാമസമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് മലയോരം വീണ്ടും പ്രതിഷേധത്തിലേയ്ക്ക് നീങ്ങുന്നത്.