ഇടുക്കി : സൂര്യനെല്ലി തിരുവള്ളുവർ കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബാബുവിന്‍റെ മൃതദേഹവുമായി ചിന്നക്കനാല്‍ ഫോറസ്റ്റ് ഓഫിസിന് മുന്‍പില്‍ നാട്ടുകാരുടെ പ്രതിഷേധം. ആന ശല്യം രൂക്ഷമായിട്ടും സുരക്ഷ ഒരുക്കാന്‍ വനം വകുപ്പ് തയ്യാറാവുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
വനംവകുപ്പ് ദേവികുളം റേഞ്ച് ഓഫിസര്‍ എത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം അവതരിപ്പിച്ചെങ്കില്‍ മാത്രമേ മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോവുകയുള്ളൂവെന്ന് നാട്ടുകാര്‍ അറിയിച്ചു. ഓരോ തവണ കാട്ടാന ആക്രമണം ഉണ്ടാകുമ്പോഴും ഉടന്‍ പരിഹാരം ഉണ്ടാവുമെന്ന വാഗ്‌ദാനം മാത്രമാണ് അധികാരികളും വനംവകുപ്പും നൽകുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
ALSO READ: ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു
ഇന്ന് രാവിലെ 6 മണിയോടെ സിങ്കുകണ്ടം ചെക്ക്ഡാം റോഡിന് സമീപമുള്ള വീടിന് മുന്‍പില്‍ വച്ചാണ് കാട്ടാന ബാബുവിനെ ആക്രമിച്ചത്. രാവിലെ ചെക്ക്ഡാം ഭാഗത്തേയ്ക്ക് നടക്കാനിറങ്ങിയ ബാബുവിനെ കാട്ടാന പിന്നിൽ നിന്നെത്തി ആക്രമിക്കുകയായിരുന്നു. രാത്രി 12 മണിയോടെ മേഖലയിലെത്തി നിലയുറപ്പിച്ച കാട്ടാന, വഴിയറിയാതെ ബാബുവിൻ്റെ വീടിന് സമീപം എത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.