ഇടുക്കി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മിലേക്ക് മാറിയെന്ന പ്രചാരണം വ്യാജമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍. പാമ്പാടുംപാറ എസ്റ്റേറ്റിലെ 17 ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നെന്നാണ് പ്രചാരണം. ജില്ലയിലെ വിവിധ തോട്ടങ്ങളില്‍ ഇത്തരം വ്യാജ നോട്ടീസുകള്‍ പ്രചരിക്കുന്നുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും നല്‍കുമെന്ന് അറിയിച്ച് തൊഴിലാളികളില്‍ നിന്ന് ഒപ്പ് ശേഖരിച്ചിരുന്നു. പിന്നീട് ഇത് പാര്‍ട്ടി മാറുന്നതിനുള്ള രേഖയാക്കി മാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അതിനിടെ സി.പി.ഐയില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് ചേര്‍ന്നതായും ഇബ്രാഹിംകുട്ടി കല്ലാര്‍ അവകാശപ്പെട്ടു. എ.ഐ.ടി.യു.സിയില്‍ നിന്ന് രാജിവെച്ച് ഐ.എന്‍.എന്‍.ടി.യുസിയില്‍ ചേര്‍ന്ന അഞ്ച് പേര്‍ക്ക് പാമ്പാടുംപാറ എസ്റ്റേറ്റില്‍ വെച്ച് സ്വീകരണം നല്‍കി. ജി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ഡി.സി.സി ജന. സെക്രട്ടറിമാരായ സി.എസ് യശോധരന്‍, ജി. മുരളീധരന്‍, നേതാക്കളായ രാജാമാട്ടുക്കാരന്‍, രാജു ബേബി, ടോമി ജോസഫ്, ജോസ് അമ്മന്‍ചേരില്‍, ആര്‍. മുത്തുരാജ്, പി. സുന്ദരപാണ്ടി എന്നിവര്‍ പ്രസംഗിച്ചു.