ഇടുക്കി: ഇടുക്കി-തമിഴ്‌നാട് അതിർത്തി പ്രദേശമായ കമ്പത്ത് നിന്നും ഏകദേശം 16 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്‌പന്നങ്ങൾ പൊലീസ് പിടികൂടി. തേനി സ്വദേശികളായ സതീഷ്, വേലവൻ എന്നിവരാണ് കമ്പം സൗത്ത് പൊലീസിന്‍റെ പിടിയിലായത്. 1560 കിലോയോളം ഉത്‌പന്നങ്ങളാണ് പിടികൂടിയത്.
തേനി ജില്ലയിൽ കമ്പം മാരിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ പലചരക്ക് കടയിലാണ് പുകയില ഉത്‌പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. നിരോധിത പാൻ മസാലകൾ വിൽപന നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കേരളത്തിലേക്ക് കടത്താൻ ലക്ഷ്യമിട്ടാണ് ഇത്രയധികം നിരോധിത പുകയില ഉത്‌പന്നങ്ങൾ ഇവർ സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം.
ഇവർ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു.