ഇടുക്കി : ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്കായി പ്രാഥമിക ചികിത്സ സൗകര്യമൊരുക്കി വനംവകുപ്പ്. അപകടം സംഭവിച്ചാല്‍ ആദ്യഘട്ടത്തില്‍ സ്വീകരിക്കേണ്ട പ്രാഥമിക ചികിത്സ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ സൗജന്യമായി നല്‍കും. ഇതിനായി നഴ്‌സിന്‍റെ സേവനം പ്രവര്‍ത്തന സമയത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
കൂടുതല്‍ ചികിത്സ ലഭിക്കേണ്ടവര്‍ക്ക് ഡോക്ടമാര്‍ മൊബൈല്‍ സേവനം
65-ാമത് കേരളപ്പിറവിയോട് അനുബന്ധിച്ച് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകർക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വനംവകുപ്പ് നൂതന ആശയങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ആദ്യകാലങ്ങളില്‍ പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പ്രാഥമിക ചികിത്സ ലഭിക്കണമെങ്കില്‍ മൂന്നാർ ജനറല്‍ ആശുപത്രിയെ സമീപിക്കണമായിരുന്നു. തിരക്കേറുമ്പോള്‍ ഗതാഗത കുരുക്കു മൂലം മണിക്കൂറുകള്‍ കഴിഞ്ഞാണ് പലപ്പോഴും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്.
ALSO READ: ദീപാവലി ആഘോഷം; പടക്കം പൊട്ടിക്കൽ രാത്രി എട്ട് മുതൽ പത്ത് വരെ മാത്രം
ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം സഞ്ചാരികളുടെ സംരക്ഷണം ഉറപ്പുവവരുത്തുന്നതിനാണ് പാര്‍ക്കില്‍തന്നെ സൗജന്യമായി പ്രാഥമിക ചികിത്സ സൗകര്യം അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിന്‍റെ പ്രവര്‍ത്തന സമയം മുഴുവന്‍ നഴ്‌സിന്‍റെ സേവനം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതോടൊപ്പം മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മിനറൽ വാട്ടർ കുപ്പികള്‍ പൂര്‍ണമായി ഒഴിവാക്കി പുനരുപയോഗിക്കാവുന്ന കുപ്പികളില്‍ വെള്ളം നല്‍കുന്ന പദ്ധതിക്കും അധികൃതര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനായി കുറഞ്ഞ ചെലവില്‍ ഇക്കോ-ഷോപ്പുകള്‍ വഴി കുപ്പികള്‍ നല്‍കിവരുന്നു. പാര്‍ക്കിലുണ്ടാകുന്ന മാലിന്യങ്ങള്‍ മറ്റിടങ്ങളില്‍ നിക്ഷേപിക്കാതെ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്ന പദ്ധതിയും നടപ്പിലാക്കിവരുന്നുണ്ട്.