ഇടുക്കി: മൂന്നാര്‍ കെഡിഎച്ച് വില്ലേജില്‍ നല്‍കിയ അനധികൃത കൈവശരേഖാ വിഷയത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന നിർധന കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ താമസിച്ച് വരുന്നതാണെന്ന് ഇടുക്കി ജില്ലാ കലക്‌ടർ. മൂന്നാറിലെ മൂന്ന് കോളനികളിൽ പതിറ്റാണ്ടുകളായി 67ഓളം കുടുംബങ്ങൾ താമസിച്ചുവരികയാണെന്നും ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്‌ടര്‍ എച്ച്. ദിനേശന്‍ വ്യക്തമാക്കി.
കെഡിഎച്ച് വില്ലേജില്‍ റവന്യൂ ഭൂമി കയ്യേറ്റം തടയുന്നതിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് വില്ലേജ് ഓഫിസില്‍ നിന്നും അനധികൃതമായി നൂറ്റിപ്പത്ത് കൈവശ രേഖകള്‍ നല്‍കിയതായി കണ്ടെത്തിയത്. എന്നാല്‍ വന്‍കിടക്കാര്‍ക്കെതിരെയുള്ള നടപടിയില്‍ പ്രതിസന്ധിയിലായത് നിർധന കുടുംബങ്ങളാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമിയും കിടപ്പാടവുമില്ലാത്ത ഇവര്‍ കുടിയിറങ്ങേണ്ട സാഹചര്യം പുറത്തായതോടെയാണ് വിഷയത്തില്‍ ജില്ലാ കലക്‌ടര്‍ ഇടപെട്ടത്. ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്‌ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാർ സഹായത്തിലൂടെ വീട് വച്ചു താമസിക്കുന്നവരാണ് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളില്‍ ഭൂരിഭാഗവും.