ഇടുക്കി : പൊൻമുടി ഭൂമി പ്രശ്‌നത്തിൽ വിമർശനവുമായി ഇടുക്കിയിലെ സിപിഎം പ്രാദേശിക നേതാക്കൾ. വിഷയത്തിൽ റവന്യൂ വകുപ്പിന്‍റെ നീക്കം എന്താണെന്ന് വ്യക്തമാക്കണമെന്ന് രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് വി.എ കുഞ്ഞുമോൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. തൊട്ടുപിന്നാലെ റവന്യൂ വകുപ്പിനെ അധിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ് സതിയും രംഗത്തെത്തി.
എം.എം മണി മന്ത്രിയായിരുന്ന കാലത്ത് പൊന്‍മുടി ടൂറിസം സെന്‍ററിനായി കെഎസ്ബി ഭൂമി, എം.എം മണിയുടെ മരുമകന്‍ പ്രസിഡന്‍റായ രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയിരുന്നു. ഭൂമി കൈമാറ്റം വിവാദമായ സാഹചര്യത്തിലാണ് കെഎസ്ഇബി കൈമാറിയ ഭൂമിയില്‍ റവന്യൂ ഭൂമിയുമുണ്ടെന്ന വാദവുമായി വകുപ്പ് രംഗത്തെത്തിയത്.
ശനിയാഴ്‌ച ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥര്‍ പൊന്‍മുടിയില്‍ എത്തിയപ്പോള്‍ ബാങ്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞിരുന്നു. ഇതോടെ ഭൂമി അളക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി. മതിയായ അറിയിപ്പ് നല്‍കാതെയാണ് റവന്യൂ വകുപ്പ് എത്തിയതെന്ന ന്യായം പറഞ്ഞാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.
വി.എ കുഞ്ഞുമോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
വിഷയത്തിൽ സിപിഐ ജില്ലാനേതൃത്വം മറുപടി നല്‍കണമെന്നാണ് വി.എ കുഞ്ഞുമോന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തത്. എഴുപത് വര്‍ഷമായി കെഎസ്ഇബി കൈവശം വച്ചിട്ടുള്ള ഭൂമിയില്‍ മുൻപ് അവകാശവാദം ഉന്നയിക്കാത്ത റവന്യൂ വകുപ്പ് ഇപ്പോൾ രംഗത്തെത്തിയത് എന്തിനാണെന്ന് സിപിഐ ജില്ല സെക്രട്ടറി കെ. കെ ശിവരാമന്‍ പറയണമെന്നും 'പാര' ചിലരുടെ ജന്മസിദ്ധമായ വാസനയാണെന്നുമാണ് വി.എ കുഞ്ഞുമോന്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ എം.എസ്.സതിയുടെ പോസ്റ്റ്
എം.എം മണി മരുമകന് പതിച്ച് കൊടുത്ത സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുവാന്‍ വരുന്ന ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്കും പരിവാരങ്ങള്‍ക്കും രാജാക്കാട്ടിലേയ്ക്ക് സ്വാഗതം എന്നതാണ് എം.എസ്.സതി ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. എംഎൽഎ എം.എം മണിയുടെ മകളും ബാങ്ക് പ്രസിഡന്‍റിന്‍റെ ഭാര്യയുമായ എം.എസ്.സതി രാജാക്കാട് പഞ്ചായത്ത് പ്രസിഡന്‍റുമാണ്.
ഫേസ്‌ബുക്ക് പോസ്റ്റ് റവന്യൂ ഉദ്യോഗസ്ഥരെ കളിയാക്കുന്ന തരത്തിലാണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്ന പഞ്ചായത്ത് പ്രസിഡന്‍റ് പക്വതയില്ലാതെ പ്രതികരിക്കുന്നത് ശരിയല്ലെന്ന് വിമർശനം ഉയരുന്നുണ്ട്. അതേസമയം പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രസിഡന്‍റ് സതി കുഞ്ഞുമോന്‍റെ സഹോദരിയും സിപിഎം ജില്ല കമ്മറ്റിയംഗവുമായ സുമ സുരേന്ദ്രന്‍ അടുത്ത ഒരു മരുമകന്‍ കൂടി ഉണ്ടെന്ന് ഓര്‍മ വേണമെന്ന് ഫേസ്‌ബുക്കിൽ കുറിച്ചു. വരും ദിവസങ്ങളിലും പൊന്‍മുടിയിലെ ഭൂമി സംബന്ധിച്ച പ്രശ്‌നം സജീവ ചര്‍ച്ചയാകാനാണ് സാധ്യത.
READ MORE: ഇടുക്കിയിൽ സർവേയ്‌ക്കെത്തിയ സംഘത്തെ ബാങ്ക് ഉദ്യോഗസ്ഥർ തടഞ്ഞു