ഇടുക്കി : പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്‌തു. മൂന്നാർ നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് പൊലീസ് പിടിയിലായത്. മൂന്നാർ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയിലാണ് നടപടി.
പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ബന്ധുക്കൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ചതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. മൂന്നാർ എസ്എച്ച്ഒ മനേഷ് കെ പൗലോസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സന്തോഷ് പെൺകുട്ടിയുമായി പ്രണയം നടിച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വീഡിയോ കോൾ ചെയ്‌ത് നഗ്നദൃശ്യങ്ങൾ മൊബൈലിൽ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചു. ഇതിനിടെ പെൺകുട്ടി തമിഴ്‌നാട്ടിൽ പഠിക്കുന്ന മറ്റൊരു യുവാവുമായി അടുക്കുന്ന വിവരം അറിഞ്ഞ് സന്തോഷ് തന്‍റെ പക്കലുള്ള ചിത്രങ്ങൾ ആ യുവാവിനും പെൺകുട്ടിയുടെ ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.