ഇടുക്കി: ഇടുക്കിയിൽ പതിനാല് വയസുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിൽ. പെൺകുട്ടിയുടെ മൊഴിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ബൈസൺവാലി സ്വദേശിയായ ബന്ധുവാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ മാസം 29നാണ് 14കാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബൈസൺവാലി സ്വദേശിയായ ബന്ധുവിനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.
29ാം തിയതി മുതൽ പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബന്ധു കുറ്റം സമ്മതിച്ചതിനെയും തുടർന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ബന്ധുവിനെതിരെ പോക്സോ നിയമപ്രകാരം രാജാക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് കോടതിയിൽ ഹാജരാക്കി.
പെൺകുട്ടിയുടെ അച്ഛൻ മരിച്ചതിന് ശേഷം അമ്മ കോട്ടയത്ത് വീട്ടുജോലിക്ക് പോയതോടെ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ ബൈസൺവാലിയിലെ ബന്ധുവീട്ടിൽ ആക്കുകയായിരുന്നു. 2020 മുതൽ പെൺകുട്ടി ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ബന്ധു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസം 28ാം തിയതി വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും 29ന് ആൺകുട്ടിക്ക് ജന്മം നൽകുകയുമായിരുന്നു.
അമ്മയുടേയും കുഞ്ഞിൻ്റെയും ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പെൺകുട്ടി ആവശ്യപ്പെടുന്നതനുസരിച്ച് ജില്ലാ ശിശു സംരക്ഷണ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഇരുവരുടേയും സംരക്ഷണം ഏറ്റെടുക്കും.
Also Read: പതിനാലുകാരി പ്രസവിച്ച സംഭവം: ചൈൽഡ് ലൈൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു