ഇടുക്കി: പള്ളിവാസലില്‍ പതിനേഴുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്ധു അരുണിനെ പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് രേഷ്‌മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തുമെന്നും താന്‍ മരിക്കുമെന്നും പറയുന്ന കത്ത് കഴിഞ്ഞ ദിവസം പൊലീസ് അരുണിന്‍റെ മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന. പൊലീസ് ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊർജിതമാക്കിയിരുന്നു.
പവര്‍ ഹൗസിന് സമീപത്തായി മുതിരപ്പുഴയാറിന്‍റെ തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മാവില്‍ ഇന്ന് രാവിലെയാണ് അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം സ്വദേശിയായ ബാബു കാരത്തോട്ടത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം നോക്കി നടത്തിയിരുന്ന ജോയി ഈറ്റക്കാട്ടിലാണ് മൃതദേഹം ആദ്യം കണ്ടത്. ഡിവൈഎസ്‌പി കെ.ഇ ഫ്രാന്‍സീസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
കൂടുതല്‍ വായനക്ക്: പള്ളിവാസലിലെ പെൺകുട്ടിയുടെ മരണം; പ്രതിയ്‌ക്കായി അന്വേഷണം ഊർജിതമാക്കി
പെണ്‍കുട്ടിയുടെ മുത്തച്ഛന്‍റെ രണ്ടാം വിവാഹത്തിലുള്ള അരുണ്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച കത്തിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ പെണ്‍കുട്ടിക്ക് മറ്റാരുമായോ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയെങ്കിലും നാടുവിടാന്‍ കഴിയാതെ വരികയും പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ എത്തിയതിനാലുമാണ് ഒടുവില്‍ ആത്മഹത്യ ചെയ്‌തതെന്നാണ് നിഗമനം.